ലണ്ടൻ: റിഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ മന്ത്രിസഭയിൽ വൻ അഴിച്ചുപണി. ലിസ് ട്രസ് മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന സുവെല്ല ബ്രേവർമാനെ തിരികെ വിളിച്ചു.
ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെത്തുടർന്ന് രാജിവയ്ക്കേണ്ട വന്ന ആളാണ് സുവെല്ല. ആഭ്യന്തരമന്ത്രിയായി തന്നെയാണ് ഇപ്പോൾ സുനക് തിരിച്ചു വിളിച്ചിരിക്കുന്നത്. ഒപ്പം ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും നിയമിച്ചു.
നിലവിൽ നാലു മന്ത്രിമാരോടു രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായമന്ത്രി ജേക്കബ് റീസ് മോഗ്, നിയമമന്ത്രി ബ്രാൻഡൻ ലൂവിസ്, തൊഴിൽ, പെൻഷൻ മന്ത്രി ക്ലോയി സ്മിത്, വികസന മന്ത്രി വിക്കി ഫോർഡ് എന്നിവരാണവർ.
ബോറിസ് ജോൺസന്റെ കാലത്തും ഉപപ്രധാനമന്ത്രിയായിരുന്നു ഡൊമിനിക് റാബ്. ഇദ്ദേഹം തന്നെ നിയമകാര്യ വകുപ്പും കൈകാര്യം ചെയ്യും. ട്രസ് മന്ത്രിസഭയിൽ ക്വാസി ക്വാർതെങ്ങിനു പകരം ധനമന്ത്രിയായി ചുമതലയേറ്റെടുത്ത ജെറമി ഹണ്ടിനെ തൽസ്ഥാനത്തു വീണ്ടും നിയമിക്കുകയായിരുന്നു.
വിദേശകാര്യ, കോമൺവെൽത്, വികസന കാര്യ മന്ത്രിയായി ജയിംസ് ക്ലെവർലിയെ പുനർനിയമിച്ചു. ട്രസ് മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയായിരുന്ന ബെൻ വാലസും സുനക് മന്ത്രിസഭയിൽ ഇടംനേടി. ഹൗസ് ഓഫ് കോമൺസ് നേതാവായി പെന്നി മോർഡന്റിനെയും സുനക് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും മത്സരക്ഷമതയുമാണ് പ്രധാന അജൻഡയെന്ന് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അഭിസംബോധനയിൽ സുനക് പറഞ്ഞിരുന്നു. വിശ്വാസം നേടിയെടുക്കാനുള്ളതാണെന്നും നിങ്ങളുടെ വിശ്വാസം ഞാൻ നേടുമെന്നും സുനക് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.