പൊന്തിഫിക്കല്‍ ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ കുഞ്ഞിനെ ഓമനിക്കുന്ന ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: കലഹങ്ങളുടെയും പിരിമുറുക്കങ്ങളുടെയും കാലത്ത് കുടുംബങ്ങളെ ശ്രവിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് സഭയുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ. സമൂഹത്തിന്റെ ഘടനയെ നിര്‍ണയിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കണമെന്നും വ്യത്യസ്ത വീക്ഷണകോണില്‍നിന്ന് കുടുംബത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ സൂക്ഷിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി.
വിവാഹം, കുടുംബശാസ്ത്രം എന്നിവയ്ക്കു വേണ്ടിയുള്ള 'പൊന്തിഫിക്കല്‍ ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സിലെ' അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.
പ്രത്യയശാസ്ത്രപരമായ നിലപാടുകളില്‍ കുടുംബത്തെ തടങ്കലില്‍ വയ്ക്കുന്നതിനെതിരെ പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നല്‍കി. 'നാം കുടുംബത്തെ സംരക്ഷിക്കണം എന്നതിനര്‍ത്ഥം അതിനെ തടവിലാക്കണം എന്നല്ല. അതിനെ വളരേണ്ടതുപോലെ വളര്‍ത്തുക. പല വീക്ഷണകോണില്‍ നിന്ന് കുടുംബത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ സൂക്ഷിക്കണം. കുടുംബം എന്നത് ഒരു പ്രത്യയശാസ്ത്രമല്ല, അത് യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യബോധ്യത്തിലൂന്നിയ ചൈതന്യത്തോടെയാണ് ഒരു കുടുംബം വളരേണ്ടത്. ഒരു കുടുംബം എന്താണെന്ന് വിശദീകരിക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ ശ്രമിക്കുമ്പോഴാണ് എല്ലാം തകിടം മറിയുന്നത്.
വിവാഹവും കുടുംബവും എല്ലാം തികഞ്ഞതായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മാര്‍പ്പാപ്പ തുടര്‍ന്നു പറഞ്ഞു. സമൂഹത്തിലെ അവരുടെ സുപ്രധാന ദൗത്യത്തെ പിന്തുണയ്ക്കാന്‍ കുടുംബങ്ങള്‍ പൂര്‍ണത കൈവരിക്കുന്നതിനായി കാത്തിരിക്കരുത്. നാം സ്വര്‍ഗത്തില്‍ ആയിരിക്കുന്നതുവരെ വിവാഹവും കുടുംബവും അപൂര്‍ണമായിരിക്കും'.
വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഗുണനിലവാരം ഒരു വ്യക്തിയുടെ സ്‌നേഹത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കുന്നു. അതിനാല്‍, കൂടുതല്‍ സാഹോദര്യമാര്‍ന്ന മാനവികത വളര്‍ത്തുന്നതിനായി രാജ്യങ്ങള്‍ക്കും സഭയ്ക്കും കുടുംബങ്ങളെ ശ്രവിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ച്ചയായാണ് 2017-ല്‍ ഫ്രാന്‍സിസ് പാപ്പാ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നായ ഈ സംരംഭത്തിനു കാലാനുസൃതമായ പ്രാധാന്യവും സ്വീകാര്യതയും നല്‍കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ലക്ഷ്യം.
കത്തോലിക്കാ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള സമഗ്രമായ ധാരണ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.