ബ്രിട്ടന് പിന്നാലെ അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ നേതൃ പദവിയിലേക്ക്; ലിയോ വരഡ്കര്‍ പുതിയ പ്രധാനമന്ത്രിയാകും

ബ്രിട്ടന് പിന്നാലെ അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ നേതൃ പദവിയിലേക്ക്; ലിയോ വരഡ്കര്‍ പുതിയ പ്രധാനമന്ത്രിയാകും

ഡബ്ലിന്‍: ബ്രിട്ടനില്‍ ചരിത്രം കുറിച്ച റിഷി സുനക്കിനു പിന്നാലെ അയല്‍രാജ്യമായ അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. ഫിനഗേല്‍ പാര്‍ട്ടി ലീഡറും നിലവില്‍ ഉപപ്രധാനമന്ത്രിയുമായ ലിയോ വരഡ്കറാണ് ഡിസംബര്‍ 15ന് ഐറിഷ് പ്രധാനമന്ത്രി പദമേറ്റെടുക്കാനിരിക്കുന്നത്. കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ അവസാന ടേമില്‍ പ്രധാനമന്ത്രിയാകേണ്ടത്. രണ്ടര വര്‍ഷക്കാലമായിരിക്കും കാലാവധി. ഫിനാഫാള്‍ പാര്‍ട്ടി നേതാവ് മിഹോള്‍ മാര്‍ട്ടിനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. നാല്‍പത്തിമൂന്നുകാരനായ ലിയോയുടെ രണ്ടാമൂഴമായിരിക്കും ഇത്.

2017ല്‍ ലിയോ വരഡ്കര്‍ മുപ്പത്തെട്ടാമത്തെ വയസില്‍ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തില്‍ ലിയോ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

1960 കളില്‍ മുംബൈയില്‍നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരഡ്കറുടെയും ബ്രിട്ടനില്‍ നഴ്സായിരുന്ന അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ്കാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ. പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനില്‍നിന്ന് അയര്‍ലന്‍ഡിലേക്കു കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജില്‍നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്ളാഞ്ചഡ്സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരഡ്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലന്‍ഡിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു.

അതേസമയം, താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന ലിയോ വരഡ്കറിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങളിലേക്കും നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.