ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്നു; പോലീസ് വെടിവയ്പ്പ്

ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്നു; പോലീസ് വെടിവയ്പ്പ്

ടെഹ്റാന്‍: ഇറാനില്‍ മത പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമിനിയുടെ 40-ാം ചരമദിനത്തില്‍ കല്ലറയ്ക്ക് സമീപം ഒത്തുകൂടിയവര്‍ക്ക് നേരെ സുരക്ഷാ സേനയുടെ വെടിവയ്പ്പ്. ചരമദിനം ആചരിക്കാന്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമല്ല.

അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള കബറിടത്തിലേക്ക് നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ ശിരോവസ്ത്രം വലിച്ചെറിഞ്ഞ്, ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ശവകുടീരത്തില്‍ തടിച്ചുകൂടിയവര്‍ക്കുനേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു.


വെടിവയ്പ്പില്‍ മരണം ഉണ്ടായിട്ടുണ്ടോ എന്നതും എത്ര പേര്‍ക്ക് പരിക്കേറ്റു എന്നതും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. അമിനി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങുകളില്‍ രാജ്യത്തിന്റെ പലയിടത്തും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബര്‍ 16നായിരുന്നു മഹ്‌സ അമിനി എന്ന 22 വയസുകാരി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് ഇറാനിലെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

അമിനിയുടെ മരണത്തെതുടര്‍ന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ പേര്‍ കൊല്ലപ്പെട്ടു. അറസ്റ്റിലായ അറുന്നൂറോളം പേരുടെ വിചാരണ ഈയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.