• Thu Mar 27 2025

സര്‍വകലാശാലകളില്‍ ഇനി അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അധ്യാപക നിയമനം; പദ്ധതിയധിഷ്ഠിത കോഴ്സുകള്‍ തുടങ്ങും

സര്‍വകലാശാലകളില്‍ ഇനി അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അധ്യാപക നിയമനം; പദ്ധതിയധിഷ്ഠിത കോഴ്സുകള്‍ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കരാര്‍ അധ്യാപക നിയമനത്തിലും പുതുതലമുറ കോഴ്സുകളിലും പുതിയ പരീക്ഷണം. അഞ്ചുവര്‍ഷ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ഏഴു സര്‍വകലാശാലകളില്‍ പദ്ധതിയധിഷ്ഠിത കോഴ്സുകള്‍ തുടങ്ങാനും ഉന്നത വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം.

ഗവേഷണവും പ്രവൃത്തിപരിചയവും മുന്‍നിര്‍ത്തിയാവും പദ്ധതിയധിഷ്ഠിത കോഴ്സുകള്‍ക്കുള്ള അധ്യാപകരുടെ നിയമനം. അതിനായി ഇപ്പോഴുള്ള ഗസ്റ്റ് ലക്ചറര്‍ നിയമന രീതി മാറ്റും. അഞ്ചുവര്‍ഷ കരാറില്‍ നിയമിക്കുന്ന അധ്യാപകര്‍ക്ക് യു.ജി.സി സ്‌കെയില് അനുസരിച്ചുള്ള ശമ്പളം നല്‍കും. വാര്‍ഷിക വര്‍ധനയും അനുവദിക്കും.

അഞ്ചുവര്‍ഷത്തിനു ശേഷം അഭിമുഖം നടത്തി അധ്യാപകരെ നിയമിക്കും. പദ്ധതിയധിഷ്ഠിത കോഴ്സുകളിലെ പ്രവൃത്തിപരിചയം നേരിട്ടുള്ള നിയമനത്തിനു മുന്‍തൂക്കം ലഭിക്കാനുള്ള സേവനകാലയളവായി പരിഗണിക്കും.

പദ്ധതിയധിഷ്ഠിത കോഴ്സുകള്‍

കേരള, എം.ജി, കാലിക്കറ്റ്, കാലടി, കണ്ണൂര്‍, കുസാറ്റ്, നുവാല്‍സ് സര്‍വകലാശാലകളിലാണ് കോഴ്സുകള്‍ തുടങ്ങുക. മൂന്നുബാച്ചുകള്‍ പൂര്‍ത്തിയായാല്‍ കോഴ്സുകള്‍ സമഗ്രമായി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഓരോ പദ്ധതിയധിഷ്ഠിത കോഴ്സിനും മൂന്നു വീതം അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പ്രധാന കോഴ്സുകള്‍

കേരള സര്‍വകലാശാല: എം.എസ്സി. കെമിസ്ട്രി (ഫങ്ഷണല്‍ മെറ്റീരിയല്‍സ്), എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ മെഷീന്‍ ലേണിങ്, മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡെസ്) പ്രോഗ്രാം, ഗെയിം ആര്‍ട്ട് ഡെവലപ്മെന്റ്.

എം.ജി. സര്‍വകലാശാല: ഫിസിക്‌സ് (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി), കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി), ബയോടെക്നോളജി (ഇന്‍ഡസ്ട്രിയല്‍ ബയോപ്രോസസ്) എന്നിവയില്‍ ബിരുദാനന്തരബിരുദം.

കാലടി സംസ്‌കൃത സര്‍വകലാശാല: പി.ജി. ഡിപ്ലോമ ഇന്‍ സാന്‍സ്‌ക്രിറ്റ് കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, മള്‍ട്ടി ഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ആന്‍ഡ് മാനേജ്മെന്റ്.

കണ്ണൂര്‍ സര്‍വകലാശാല: പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി, എം.എസ്സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ എപ്പിഡമിയോളജി ആന്‍ഡ് എസ്.എ.എസ്. പ്രോഗ്രാമിങ്.

കാലിക്കറ്റ് സര്‍വകലാശാല: ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലറ്റിക്‌സ്.

കുസാറ്റ്: എം.ടെക്. ഇന്‍ സെന്‍സര്‍ സിസ്റ്റം ടെക്നോളജി, എം.എസ്സി. ഇന്‍ മറൈന്‍ ജിനോമിക്‌സ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.