തൃശൂർ: സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കുമ്പോൾ '2ജി'യിലും '3ജി'യിലും ഇഴയുന്ന പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ മൂന്നുമാസത്തിനിടെ ഉപേക്ഷിച്ചത് കാൽ കോടിയിലേറെ ഉപഭോക്താക്കൾ.
കഴിഞ്ഞ മേയിൽ 5,31,502 കണക്ഷൻ നഷ്ടമായെങ്കിൽ ജൂണിൽ 13,23,922ലേക്ക് കുതിച്ചു. ജൂലൈയിൽ 8,18,478 വരിക്കാരെയാണ് നഷ്ടപ്പെട്ടത്. തുടർന്നുള്ള മാസങ്ങളിലും ഇതേ പ്രവണതയാണ്. പ്രതിസന്ധിയിൽ ഉഴലുന്ന ബി.എസ്.എൻ.എല്ലിന് വരുമാനത്തിൽ വലിയ കുറവാണ് നേരിടുന്നത്. ഇതിനുള്ള ഒറ്റമൂലി പരിഹാരമായ 4ജി സേവനം ലഭ്യമാക്കുന്നതിന് പ്രധാന തടസം കേന്ദ്ര സർക്കാറാണ് എന്നതാണ് വിരോധാഭാസം.
റിലയൻസ് ജിയോയും ഭാരതി എയർടെലും വിദേശ കമ്പനികളായ എറിക്സൺ, നോക്കിയ, സാംസങ് എന്നിവയുമായി 5ജി ഉപകരണങ്ങൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. രണ്ട് കമ്പനികളും വിദേശ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമാണ് 5ജി സംവിധാനം വികസിപ്പിക്കുന്നത്. എന്നാൽ, ബി.എസ്.എൻ.എൽ ഇന്ത്യൻ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് 4ജി വികസിപ്പിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാറിന്റെ ശാഠ്യം. ഇതോടെ വികസനം വഴിമുട്ടിയതാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാക്കിയത്.
ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം 4ജി ഉപകരണങ്ങൾ നൽകാൻ കരാർ ലഭിച്ച ടാറ്റ കൺസൾട്ടൻസി സർവിസസിനാകട്ടെ, ഇത് എന്ന് ലഭ്യമാക്കുമെന്ന് പറയാനാവുന്നില്ല. ഫലത്തിൽ ബി.എസ്.എൻ.എല്ലിന്റെ 4ജി സേവനം സമീപ ഭാവിയിലൊന്നും സംഭവിക്കില്ല. രാജ്യത്തെ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിലവിലുള്ള 19,000 മൊബൈൽ ടവറുകൾ നവീകരിച്ചാൽ ഈ പ്രദേശങ്ങളിൽ 4ജി നൽകാനാവും. ഇവ വിതരണം ചെയ്തത് നോക്കിയയാണ്. നവീകരണത്തിന് ബി.എസ്.എൻ.എൽ 5,000 കോടി രൂപ മുടക്കിയാൽ മതി. എന്നാൽ, ആ വഴിക്കും ആലോചനയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.