പുരോഹിതര്‍ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകണമെന്ന് മാര്‍പാപ്പ; ഡിജിറ്റല്‍ ഉപയോഗത്തെക്കുറിച്ചുള്ള വാക്കുകള്‍ വളച്ചൊടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍

പുരോഹിതര്‍ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകണമെന്ന് മാര്‍പാപ്പ; ഡിജിറ്റല്‍ ഉപയോഗത്തെക്കുറിച്ചുള്ള വാക്കുകള്‍ വളച്ചൊടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍

വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍. റോമില്‍ പഠിക്കുന്ന വിവിധ രാജ്യക്കാരായ സെമിനാരി വിദ്യാര്‍ത്ഥികളും സന്യാസിനികളും വൈദികരുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പാ സാങ്കേതികവിദ്യയുടെ അപകടവശങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഇന്റര്‍നെറ്റ് പോലുള്ള സമ്പര്‍ക്കസഹായികള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു മാര്‍പ്പാപ്പയുടെ വാക്കുകള്‍. മൊബൈല്‍ ഫോണ്‍ ഒരിക്കല്‍ മാത്രം ഉപയേഗിച്ചതിന്റെ ഓര്‍മ്മ പാപ്പ പങ്കുവച്ചു. അര്‍ജന്റീനയില്‍ ബിഷപ്പായി നിയമിതനായ ഉടനെ തനിക്ക് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചു. എന്നാല്‍ സഹോദരിയെ വിളിക്കാനായി ഒരു ഫോണ്‍ കോള്‍ ചെയ്തശേഷം ഉടന്‍ തന്നെ അത് തിരികെ നല്‍കിയതായും മാര്‍പാപ്പ പറഞ്ഞു.

'ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്റെ ലോകമല്ല. പക്ഷേ നിങ്ങള്‍ അവ ഉപയോഗിക്കണം. അതു കരുതലോടെയാവണമെന്ന് കൂടിക്കാഴ്ച്ചയ്‌ക്കെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടും വൈദികരോടും പരിശുദ്ധ പിതാവ് പറഞ്ഞു. ഡിജിറ്റല്‍ പോണോഗ്രാഫി പോലുള്ള ഇന്റര്‍നെറ്റിന്റെ അപകടങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. ഇത് മതവിശ്വാസികള്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും പ്രലോഭനം നല്‍കുന്നു. അത് ആത്മാവിനെ ദുര്‍ബലമാക്കുന്നു. ഇതുവഴി പിശാച് ഉള്ളില്‍ പ്രവേശിക്കുന്നു. അത് പുരോഹിതന്റെ ആത്മാവിനെ ദുര്‍ബലമാക്കുന്നു'. ഇത്രയുമാണ് സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാര്‍പാപ്പ പറഞ്ഞത്.

അതേസമയം അശ്ലീല വീഡിയോകള്‍ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും മാര്‍പ്പാപ്പ ഉപദേശിച്ചെന്ന മട്ടിലാണ് മുഖ്യധാരാ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുരോഹിതരും കന്യാസ്ത്രീകളും പോലും അശ്ലീല വീഡിയോകള്‍ കാണുന്നുവെന്നും പാപ്പ പറഞ്ഞതായി തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്.

വൈദികര്‍ 'ആടുകളുടെ ഗന്ധമുള്ളവരാക'ണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വൈദികര്‍ അടുപ്പവും ആര്‍ദ്രതയും പ്രകടിപ്പിക്കുന്ന ശൈലി പഠിക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തിയുടെ പക്വത വെളിപ്പെടുത്തുന്ന മൂന്ന് ഭാഷകളെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു തലച്ചോറിന്റെ ഭാഷ, ഹൃദയത്തിന്റെ ഭാഷ, കൈകളുടെ ഭാഷ. ഈ മൂന്നു ഭാഷകളില്‍ സ്വയം പ്രകാശിപ്പിക്കണമെന്ന് പാപ്പാ വൈദികരോടു പറഞ്ഞു.

പൗരോഹിത്യ ശുശ്രൂഷയ്ക്ക് യോജിച്ച 'ആടിന്റെ ഗന്ധം' നഷ്ടപ്പെടാതെ എങ്ങനെ പൗരോഹിത്യജീവിതം നയിക്കാമെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു വ്യക്തി പഠനത്തിലോ ജോലിയിലോ ഏര്‍പ്പെട്ടിരിക്കുകയാണെങ്കിലും വിശ്വാസികളായ ആളുകളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉത്തരം നല്‍കി. എന്തെന്നാല്‍, അവര്‍ക്ക് ദൈവജനത്തിന്റെ അഭിഷേകം ഉണ്ട്. അവര്‍ ആടുകളാണ്.

ഒരു തത്വചിന്തകനോ, ദൈവശാസ്ത്രജ്ഞനോ, നല്ല ജോലിക്കാരനോ ആയാല്‍ മാത്രം പോര മറിച്ച്, ആടുകളുടെ മണമുള്ള ഇടയാനാവുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ആവര്‍ത്തിച്ചു.

'ദൈവജനവുമായുള്ള ബന്ധം അജപാലനത്തില്‍ പ്രധാനമാണ്. ആടുകളുടെ ഗന്ധം നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ അവയില്‍നിന്ന് അകന്നുനിന്നാല്‍ പുരോഹിതര്‍ക്ക് ചിലപ്പോള്‍ ഒരു നല്ല സൈദ്ധാന്തികനോ, നല്ല ദൈവശാസ്ത്രജ്ഞനോ, നല്ല തത്ത്വചിന്തകനോ ആകാന്‍ സാധിക്കുമായിരിക്കും. എന്നാല്‍, 'അജഗണത്തിന്റെ ഗന്ധം' തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്ക് നഷ്ടമാകും.

ഒരു പുരോഹിതന്‍ കാത്തുസൂക്ഷിക്കേണ്ട നാല് സാമീപ്യങ്ങളെക്കുറിച്ചും പാപ്പ ഉദ്ബോധിപ്പിച്ചു: 'പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള അടുപ്പം, മെത്രാനുമായുള്ള അടുപ്പം, മറ്റ് വൈദികരുമായുള്ള അടുപ്പം, ദൈവജനവുമായുള്ള അടുപ്പം. ദൈവജനവുമായി അടുപ്പമില്ലെങ്കില്‍ ഒരു നല്ല വൈദികനാവാനാവില്ല.'

പൗരോഹിത്യം ദൈവത്തിനുള്ള വിശുദ്ധമായ സേവനമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഒരിക്കലും ഇതൊരു തൊഴിലായി കാണരുതെന്ന് ആവശ്യപ്പെട്ടു. പൗരോഹിത്യം സമയം ക്രമീകരിച്ച് ചെയ്യേണ്ട സേവനമല്ല. ഉന്നത പദവികള്‍ നേടാന്‍ കരിയര്‍ ലക്ഷ്യത്തോടെ വ്യാപരിക്കുന്ന വൈദീകര്‍ അതില്‍നിന്ന് പിന്തിരിയണമെന്നും പാപ്പ ഉപദേശിച്ചു. 'കയറ്റം ലക്ഷ്യം വെക്കുന്നവര്‍ വിശ്വാസവഞ്ചകരാണ്, അവര്‍ ഒരിക്കലും ശുശ്രൂഷകരല്ലെന്ന് പാപ്പ പറഞ്ഞു.

സഭ ഒരു മാതാവെന്ന നിലയില്‍, യുദ്ധക്കെടുതികളെയോര്‍ത്ത് വേദനിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. കാരണം യുദ്ധങ്ങള്‍ വരുത്തിവയ്ക്കുന്നത് മക്കളുടെ നാശമാണ്. ഉക്രെയ്‌നില്‍നിന്നുള്ള ഒരു വൈദികന്റെ ചോദ്യത്തിനുള്ള മറുപടി പറയവെയാണ് പാപ്പാ ഇങ്ങനെ ഓര്‍മ്മിപ്പിച്ചത്. ഒരു അമ്മയെന്ന നിലയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സമീപത്തായിരിക്കാനാണ് സഭ ശ്രമിക്കുക. അക്രമികള്‍ക്ക് വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അവര്‍ മനഃസ്ഥാപിച്ചു പരിവര്‍ത്തിതരാകാനും സമാധാനത്തിലേക്കു തിരികെ വരാനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.