ഹേഗ് (നെതര്‍ലന്‍ഡ്സ്): രണ്ടാംലോകമഹായുദ്ധകാലത്തെ കെടുതികളെക്കുറിച്ച് എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ് ആന്‍ ഫ്രാങ്ക്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായിരുന്ന, ആന്‍ ഫ്രാങ്കിന്റെ ഉറ്റസുഹൃത്തായ ഹന്ന ഗോസ്ലര്‍ (93) അന്തരിച്ചു. ആന്‍ ഫ്രാങ്ക് ഫൗണ്ടേഷനാണ് മരണം സ്ഥിരീകരിച്ചതായി അറിയിച്ചത്. ബെര്‍ഗന്‍-ബെല്‍സന്‍ ക്യാമ്പില്‍ നിന്നെഴുതിയ ഡയറിക്കുറിപ്പുകളുടെ പേരില്‍ ഇന്നും അനശ്വരയായി നിലകൊള്ളുകയാണ് ആന്‍ ഫ്രാങ്ക്.
1928-ലാണ് ഹന്ന ഗോസ്ലര്‍ ജനിച്ചത്. ഗോസ്ലറുടെ കുടുംബം 1933-ല്‍ നാസി ജര്‍മ്മനിയില്‍ നിന്ന് പലായനം ചെയ്ത് ആംസ്റ്റര്‍ഡാമില്‍ താമസമാക്കി. സ്‌കൂളില്‍ വച്ചാണ് ഗോസ്ലര്‍, ആന്‍ ഫ്രാങ്കിനെ കണ്ടുമുട്ടുന്നത്. 1942 ല്‍ നാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്രാങ്ക് കുടുംബം ഒളിവില്‍ പോയപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1943-ല്‍ ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസായ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഗോസ്ലറും കുടുംബവും അടുത്ത വര്‍ഷം വടക്കന്‍ ജര്‍മനിയിലുള്ള ബെര്‍ഗന്‍-ബെല്‍സനിലേക്ക് ക്യാമ്പിലേക്കു നാടുകടത്തപ്പെട്ടു.
ആന്‍ ഫ്രാങ്ക്
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് ആനിന്റെ മരണത്തിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയില്‍ ഗോസ്ലര്‍ ആന്‍ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനത്തില്‍ നിന്ന് ഗോസ്ലറും അവളുടെ സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ അതിജീവിച്ചത്. ഗോസ്ലര്‍ പിന്നീട് ജറുസലേമിലേക്ക് കുടിയേറി. അവിടെ വച്ച് ഗോസ്ലര്‍, വാള്‍ട്ടര്‍ പിക്കിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളുമുണ്ട്.
'ഹന്ന, അല്ലെങ്കില്‍ ഹന്നലി എന്നാണ് ഗോസ്ലറെ ആന്‍ തന്റെ ഡയറിയില്‍ വിശേഷിപ്പിച്ചിരുന്നത്. ആന്‍ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഗോസ്ലര്‍. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അവര്‍ക്ക് പരസ്പരം അറിയുമായിരുന്നു' - ആന്‍ ഫ്രാങ്ക് ഫൗണ്ടേഷന്‍ വെബ്സൈറ്റില്‍ പറഞ്ഞു.
ആന്‍ ഫ്രാങ്ക് ഡയറിയില്‍ കുറിച്ചിട്ട ആ വരികളില്‍ നിന്നാണ് ലോകം അവളെയും അവള്‍ അനുഭവിച്ച കൊടും ഭീകതരയെയും പറ്റി അറിഞ്ഞത്. രണ്ടാംലോകമഹായുദ്ധകാലത്തെ ജൂതരുടെ ജീവിതത്തെ അത്രമേല്‍ തീവ്രമായിട്ടാണ് ആന്‍ അടയാളപ്പെടുത്തിയത്. 1945 ല്‍ ബെര്‍ഗന്‍-ബെല്‍സന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചാണ് ആനും സഹോദരി മാര്‍ഗട്ടും ടൈഫസ് ബാധയേറ്റ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.