ബ്രസൽസ്: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും ലക്ഷ്യമിട്ട് 2035 ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെയും വാനുകളുടെയും വിൽപന നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും കരാറിലെത്തി. പുതിയ തീരുമാനത്തിലൂടെ ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥ വ്യതിയാനം തടയുന്നതിന് വ്യക്തമായ നിയമനിർമാണത്തിന് യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്ന വ്യക്തമായ സൂചനയാണിതെന്ന് യൂറോപ്യൻ പാർലമെന്റ് പരിസ്ഥിതി സമിതി അധ്യക്ഷൻ പാസ്കൽ കാൻഫിൻ പറഞ്ഞു.
ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളൽ 55 ശതമാനം കുറയ്ക്കുകയെന്ന യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം കൈവരിക്കുന്നതിനായി രൂപീകരിച്ച ബ്ലോക്കിന്റെ ഫിറ്റ് ഫോർ 55 ഇഞ്ച് വ്യവസ്ഥകളിലെ ആദ്യ ഉടമ്പടിയിലാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഒപ്പുവച്ചത്. ഇതുവരെ ഉണ്ടായിരുന്ന ലക്ഷ്യം ഈ കാലയളവിൽ കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ ഇത്തരം വാതകങ്ങളുടെ പുറന്തള്ളൽ 37.5 ശതമാനം കുറയ്ക്കുക എന്നതായിരുന്നു.
2025, 2030, 2035 വർഷങ്ങളിൽ ഡീകാർബണൈസേഷൻ പാത സജ്ജമാക്കി 2050 ഓടെ കാലാവസ്ഥ സന്തുലിതമാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപന നിരോധിക്കുകയെന്നത് എന്നും പാസ്കൽ കാൻഫിൻ പറഞ്ഞു. അതേസമയം 2035 എന്ന കാലപരിധി ദീർഘമാണെന്നും 2028 ഓടെ എങ്കിലും ഡീസൽ പെട്രോൾ കാറുകളെ പൂർണ്ണമായി വിലക്കണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് അഭിപ്രായപ്പെട്ടു.
പുതിയ സീറോ-എമിഷൻ കാറുകൾക്ക് വില കുറവായതിനാൽ അവ കൂടുതൽ ആളുകൾക്ക് പെട്ടെന്ന് വാങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പാർലമെന്റിന്റെ ലീഡ് നെഗോഷ്യേറ്റർ ജാൻ ഹുയിറ്റെമ പറഞ്ഞു. കാർബൺ കാൽപ്പാടുകൾ നിയന്ത്രിക്കാൻ കാർ നിർമ്മാതാക്കളുടെ മേൽ റെഗുലേറ്റർമാർ സമ്മർദ്ദം വർധിപ്പിച്ചതോടെ പലരും വൈദ്യുതീകരണത്തിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. 2033 മുതൽ യൂറോപ്പിൽ ഇലക്ട്രിക് കാറുകൾ മാത്രമേ ഉൽപ്പാദിപ്പിക്കുകയുള്ളൂവെന്ന് ഫോക്‌സ്‌വാഗൺ മേധാവി തോമസ് ഷെഫർ പറഞ്ഞു.
27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ കരാറിന് അംഗീകാരം. ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2035 ഓടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിക്കുക അസാധ്യമായതിനാൽ ഈ സമയത്തിനുള്ളിൽ കാർ നിർമ്മാതാക്കൾ കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളൽ 100 ശതമാനം കുറവ് വരുത്തണമെന്നത് അംഗീകരിച്ചതായി യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ കണക്കുകൾ പ്രകാരം 1990 നും 2019 നും ഇടയിൽ ഹരിതഗൃഹ പുറന്തള്ളൽ 33.5 ശതമാനം വർധിക്കാനിടയായ ഏക മേഖലയാണ് ഗതാഗതമേഖല. റോഡ് ഗതാഗതത്തിൽ നിന്നുണ്ടാകുന്ന മൊത്തം കാർബൺ ഡയോക്സൈഡിന്റെ 61 ശതമാനവും കാറുകളിൽ നിന്നുള്ളതാണ്. 2050 ഓടെ വാഹനങ്ങളിൽ നിന്നുള്ള വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും ഇലക്ട്രിക് കാറുകൾ
പ്രോത്സാഹിപ്പിക്കാനുമാണ് യൂണിയന്റെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.