ടെഹ്റാനിൽ നിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ ലുഫ്താൻസ വിമാനത്തിന്റെ അടിഭാഗത്ത് മൃതദേഹം

ടെഹ്റാനിൽ നിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ ലുഫ്താൻസ വിമാനത്തിന്റെ അടിഭാഗത്ത് മൃതദേഹം

ബെർലിൻ: ഇറാനിലെ ടെഹ്റാനിൽ നിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ ലുഫ്താൻസ വിമാനത്തിന്റെ അടിഭാഗത്തു മൃതദേഹം കണ്ടെത്തിയതായി ജർമ്മൻ പോലീസും ലുഫ്താൻസയും അറിയിച്ചു. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

എൽ എച്ച് 601 ലുഫ്താൻസ വിമാനത്തിലെ യാത്രക്കാർ ഇറങ്ങിയ ശേഷം പതിവ് അറ്റകുറ്റപ്പണികൾക്കായി ഹാംഗറിലേക്ക് മാറ്റിയതിന് ശേഷമാണ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ബേയിൽ ജീവനക്കാർ മൃതദേഹം കണ്ടത്. മൃതശരീരത്തിനരികിൽ മാസ്കോടുകൂടിയ ഓക്സിജൻ ക്യാൻ കണ്ടെത്തിയതായും ഫ്രാങ്ക്ഫർട്ട് പോലീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള യാത്ര റദ്ദാക്കിയിരുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ വ്യാപകമായി ആഴ്ചകളായി പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് പ്രതിഷേധക്കാർ കഴിഞ്ഞ ശനിയാഴ്ച ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലെ തെരുവിലിറങ്ങിയിരുന്നു. ജർമ്മനിയുടെ തലസ്ഥാനത്ത് വുമൺ ലൈഫ് ഫ്രീഡം കളക്ടീവ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഏകദേശം 80,000 പേർ പങ്ക്ചേർന്നു.

ജർമ്മനി കൂടാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ ആളുകൾ പ്രതിഷേധം പ്രകടിപ്പിക്കാൻ എത്തിയിരുന്നു. നൂറുകണക്കിന് ഇറാനിയൻ പതാകകൾ വീശി പ്രതിഷേധക്കാർ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് ആക്രോശിച്ചു.

രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെത്തുടർന്ന് ഇറാനിയൻ പൗരന്മാർക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കൂടുതൽ നിയന്ത്രണ നടപടികൾ ജർമ്മനി സ്വീകരിക്കുമെന്ന് ജർമ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് ബുധനാഴ്ച പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ ഇതോടെ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബെർലിൻ ഇടപെടുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ ജർമ്മനി അംബാസഡർ ഹാൻസ്-ഉഡോ മുസെലിനെ വിളിച്ചുവരുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.