മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും നടത്തി. ഓസ്ട്രേലിയ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. പ്രവീണ്‍ കുരിയാക്കോസ്, സഹവികാരി ഫാ. ഡോ. ഡെന്നീസ് കൊളശ്ശേരില്‍, ഇടവകയിലെയും ഓസ്ട്രേലിയയിലെ മറ്റ് ഇടവകകളിലെയും വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ ദേവാലയത്തിലെ കുര്‍ബാനയ്ക്കു ശേഷം കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി. പള്ളി അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ സ്വീകരിച്ചു. ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ക്ലരിന്‍ഡ ഡിസ്ട്രിക്ട് എംപി മെന്‍ഗ് ഹെഗന്‍ ടാക് ഉദ്ഘാടനം നിര്‍വഹിച്ചു. ലീ ടാര്‍മില്‍സ് എം.പിയുടെ (സൗത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍) സാന്നിധ്യവുമുണ്ടായിരുന്നു.
സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളെ കൂടാതെ സുറിയാനി സഭയിലെ ഫാ. ഇസ്‌കാന്‍ഡര്‍ അപ്രം, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. ഡാനിയല്‍ ഗബ്രിയേല്‍, വിക്ടോറിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനെ പ്രതിനിധീകരിച്ച് അശോക് ജേക്കബ്, ആശംസകള്‍ അറിയിച്ചു. ഇടവക വികാരി പ്രവീണ്‍ കുരിയാക്കോസ് സ്വാഗതവും പള്ളി സെക്രട്ടറി സജിപോള്‍ നന്ദിയും പറഞ്ഞു. സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക ഗ്രാന്‍ഡും ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമവും ചേര്‍ന്നാണ് ഇടവക ഈ സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇടവകാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ കൊമേഴ്‌സ്യല്‍ കിച്ചന്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, വിശാലമായ സ്റ്റേജോടു കൂടിയ ഓഡിറ്റോറിയം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് കമ്യൂണിറ്റി സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വാർത്ത നൽകിയത്:
എബി പൊയ്ക്കാട്ടിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.