കോട്ടയം സെൻ്റ് ജോസഫ് പ്രോവിൻസിലെ ഫാ. ടോണി സൈമണും ബ്ര. ബിജോ തോമസും ഒക്ടോബർ 23-ന് ഗോദാവരി നദിയിൽ മുങ്ങിമരിച്ച സംഭവം തെലങ്കാനയിൽ മാത്രമല്ല കേരള സമൂഹത്തിലും വേദനയുളവാക്കി. തെലങ്കാനയിലെ ചെന്നൂർ അസ്സീസി സ്കൂളിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ടോണി 2019 നവംബറിൽ പട്ടമേറ്റു. പൗരോഹിത്യ സ്വീകരണത്തിൻ്റെ മെമെൻ്റോ കാർഡിലെ ചിത്രവും അതിലെ വാക്കുകളും പ്രവചനപരമായിരുന്നോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
കാർഡിൻ്റെ മുകളിൽ നാല്പത്തിരണ്ടാം സങ്കീർത്തനത്തിൽ നിന്നുളള വചനത്തിൻ്റെ ഒരു ഭാഗമാണുള്ളത്: "ആഴം ആഴത്തെ വിളിക്കുന്നു". പൂണ്ണമായി ആ വചനം ഇങ്ങനെയാണ്. "അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പൽ കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എൻ്റെ മീതേ കടന്നു പോകുന്നു" (സങ്കീ.42.7). അതിൻ്റെ മുൻഭാഗത്ത് ടോണിയുടെ ചിത്രത്തിനു മുകളിലായി ചേർത്തിരിക്കുന്ന ചിത്രം വെള്ളത്തിൻ്റെ ആഴത്തിൽ നിന്ന് ഒരാളെ പിടിച്ചുയർത്താൻ ജലോപരിതലത്തിൽ നിന്നു കൊണ്ട് വെള്ളത്തിനടിയിലേക്ക് കൈനീട്ടുന്ന യേശുവിനെ ചിത്രീകരിക്കുന്ന വളരെ അസാധാരണമായ ഒരു ചിത്രമാണ്.
തൻ്റെ കടന്നുപോകൽ ഈ വിധം ആയിരിക്കും എന്ന് ഫാ.ടോണി ഒരിക്കലും അറിഞ്ഞിരുന്നില്ല. എങ്കിലും..."ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എൻ്റെ മീതേ കടന്നു പോകുന്നു" എന്ന ആ വചനവും കർത്താവ് ജലോപരിതലത്തിൽ നിന്നുകൊണ്ട് മുങ്ങിപ്പോയ ഒരുവനു നേരെ കൈ നീട്ടുന്ന ആ ചിത്രവും ടോണി തിരഞ്ഞെടുത്തത് വെറും ആകസ്മികതയാകാം. ഒഴുക്കിൽപ്പെട്ട ബ്രദർ ബിജോയ്ക്ക് നേരെ നീട്ടിയ കരങ്ങളുമായി ഫാ. ടോണിയും കടന്നു പോയി. കൊറിയൻ ബൈബിൾ ചിത്രകാരനായ യോങ്സുങ് കിം വരച്ച ഈ ചിത്രം ഫാ. ടോണിയുടെ ഇഹലോക ജീവിതാവസാനത്തിന്റെ നേരടയാളമായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.