വാഷിംഗ്ടൺ: ട്വിറ്റർ ഏറ്റെടുത്തതിൽ ഇലോൺ മസ്‌കിനെ അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ ഇപ്പോൾ വിവേകമുള്ള ഒരാളുടെ കൈകളിലാണെന്നതിൽ അതിയായ സന്തോഷമുണ്ട്. വ്യാജന്മാർ ഇനി ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കില്ല. അത്തരക്കാരെ തടയുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
യുഎസ് കാപ്പിറ്റോൾ ആക്രമണത്തിന് പിന്നാലെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ ട്വിറ്ററിന്റെ കണ്ടന്റ് മോഡറേഷൻ നയത്തെ മസ്ക് നിശിതമായി വിമർശിച്ചിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചത് ട്രംപിന്‍റെ ട്വിറ്ററിലെ ഇടപെടലുകളായിരുന്നു എന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന് ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയത്.
നിസാരവും സംശയാസ്പദവുമായ കാരണങ്ങളാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടവർ ട്വിറ്ററിന്റെ ജയിലിൽ നിന്ന് സ്വതന്ത്രമാക്കപ്പെടുമെന്നാണ് മസ്ക് അടുത്തിടെ തന്റെ ട്വീറ്റിൽ പറയുന്നത്. പല സംഭവങ്ങളിൽ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്നുള്ള പരസ്യമായ പ്രഖ്യാപനമാണ് ഇതിലൂടെ മാസ്ക് നടത്തിയത്.
വിവിധങ്ങളായ കാഴ്ചപ്പാടുകളോടുകൂടിയ ഒരു കണ്ടന്റ് മോഡറേഷൻ കൗൺസിൽ രൂപീകരിക്കുമെന്നും ഈ കമ്മീഷൻ രൂപീകരിച്ചതിന് ശേഷമേ ഉള്ളടക്കം സംബന്ധിച്ച നയങ്ങളും നിരോധിക്കപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനിക്കുകയുള്ളൂ എന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
മസ്‌കിനെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപിന്റെ ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഉടനടി വീണ്ടെടുക്കാൻ സാധിക്കില്ല. ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതായും തുടർന്ന് മസ്കിന് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് പോസ്റ്റ് ഇട്ടതായും പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഈ പോസ്റ്റ് വ്യാജമായി പ്രചരിച്ചതായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. പക്ഷിയെ മോചിപ്പിച്ചു എന്നാണ് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടാതെ കമ്പനി ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം സി.ഇ.ഒ പരാഗ് അഗ്രവാളിനെ അടക്കം ട്വിറ്റർ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് പേരെ മസ്ക് പുറത്താക്കിയിരുന്നു.
ട്രംപിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നതിനായി നേതൃത്വം നൽകിയ ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി വിജയ ഗാഡെയും പുറത്തക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ ട്വിറ്ററിൽ നിന്നും കൂടുതൽ ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടേക്കും എന്നാണ് റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.