കൊച്ചി: ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം നടന്ന ഹാലോവീന്‍ ആഘോഷം വലിയ ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്. ഒരു ലക്ഷം പേര്‍ പങ്കെടുത്ത ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 150-ലേറെ പേരാണ് മരിച്ചത്. മരിച്ചവരെല്ലാം കൗമാരക്കാരും യുവാക്കളുമാണ്. യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന ഈ ഹാലോവീന്‍ ആഘോഷം എന്തു സന്ദേശമാണ് യുവതലമുറയ്ക്ക് നല്‍കുന്നത് എന്നത് ഏറെ ചര്‍ച്ചാവിഷയമാണ്. പൈശാചികതയെ ആഘോഷിക്കുന്ന ഇത്തരം ചടങ്ങുകളില്‍നിന്ന് മാതാപിതാക്കള്‍ കുട്ടികളെ മാറ്റിനിര്‍ത്തണമെന്ന് വത്തിക്കാന്‍ 2014-ല്‍തന്നെ ആഹ്വാനം ചെയ്തിരുന്നു.
പൊതുവെ പാശ്ചാത്യരാജ്യങ്ങളില്‍ നടക്കുന്ന ആഘോഷമാണ് ഹാലോവീന്‍. എന്നാല്‍, പിന്നീട് ഇത് ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ ആഘോഷിച്ചു തുടങ്ങി. കേരളീയര്‍ക്ക് അത്ര പരിചയമുള്ള ആഘോഷമല്ലായിരുന്നു ഇതുവരെ. എന്നാല്‍ മലയാളികളെയും അതു സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹാലോവീന്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ശനിയും ഞായറുമായി രണ്ടു ദിവസത്തെ ഹാലോവിന്‍ ആഘോഷ പരിപാടികളുടെ പരസ്യവും പുറത്തിറക്കിയിരുന്നു.
എന്താണ് ഹാലോവീന്‍?
ഒക്ടോബര്‍ 31നാണ് ഹാലോവീന്‍ ആഘോഷിക്കുന്നത്. ഹാലോവീന്‍ എന്നാല്‍ ഓള്‍ ഹാലോസ് ഈവ് എന്നാണ് മുഴുവന്‍ പേര്. വിശുദ്ധന്‍ എന്നര്‍ഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്നര്‍ഥമുള്ള ഈവനിംഗ് (evening) എന്നീ പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഹാലോവീന്‍ രൂപം കൊണ്ടത്.
ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിര്‍ന്നവരും പ്രേതത്തിന്റെയും പിശാചിന്റെയും ഭീകര ജന്തുക്കളുടെയും വേഷമണിയുകയും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ തൂക്കിയിടുക, പൈശാചിക വേഷത്തില്‍ മറ്റു വീടുകളില്‍ പോയി ആളുകളെ പേടിപ്പിക്കുക എന്നീ കുസൃതികളും കാണിക്കുന്നു. അസ്ഥികൂടങ്ങള്‍, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ എന്നിവയാണ് വീടുകള്‍ക്കു മുന്നില്‍ തൂക്കിയിടുന്നത്.
എന്നാല്‍ ഒരു ദിവസത്തെ ആഘോഷം എന്നതിനപ്പുറം ഹാലോവീന് അപകടകരമായ ഒരു മറുവശമുണ്ടെന്ന് വത്തിക്കാന്‍ ഉള്‍പ്പെടെ പറയുന്നു.
'ഹാലോവീന്‍' പൈശാചിക ആരാധനയ്ക്ക് തുല്യമാണെന്നും അതിനാല്‍ വിട്ടുനില്‍ക്കണമെന്നുമാണ് വത്തിക്കാന്റെ ആഹ്വാനം. ഹാലോവീന്‍ ആഘോഷങ്ങളില്‍നിന്ന് കുട്ടികളെ അകറ്റിനിറുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പകരം വിശുദ്ധരുടെ വേഷങ്ങള്‍ അണിയുന്ന 'ഹോളീവിന്‍' ('ഓള്‍ സെയിന്റ്‌സ് ഡേ') ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും 2014-ല്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തിരുന്നു.
പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വത്തിക്കാന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പ്രേഷിതരുടെ 2014-ല്‍ നടന്ന ആദ്യ എക്‌സോര്‍സിട്‌സ് സമ്മേളത്തിലാണ് കുട്ടികളില്‍ സാത്താന്‍ ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെപറ്റി സഭ മുന്നറിയിപ്പ് നല്‍കിയത്. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് സഭയുടെ ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ഇതുകൂടാതെ ഇത്തരം ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചിക ശക്തികള്‍ മനുഷ്യരിലും പ്രകൃതിയിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍, വിശുദ്ധ അസ്ഥികളുടെ മോഷണം എന്നിവ ഈ സമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാത്താന്‍ സേവക്കാര്‍ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള ഒരു നല്ല സന്ദര്‍ഭമാണിതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പലരും പറഞ്ഞു.
വിശുദ്ധരുടെ വേഷങ്ങള്‍ അണിയാം
ഹാലോവീന്‍' ആഘോഷം ഉപേക്ഷിച്ച് പകരം 'ഹോളിവീന്‍' ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരെ പോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആ രാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്നായിരുന്നു സഭയുടെ അഭ്യര്‍ത്ഥന.
ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവിന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള 'ഓള്‍ സെയിന്റ്‌സ് ഡേ' സംഘടിപ്പിക്കാറുണ്ട്.
സകലവിശുദ്ധരുടെയും തിരുനാളിനോട് അടുത്തുള്ള ഞായറാഴ്ചകളിലാണ് ഇടവകകള്‍ കേന്ദ്രീകരിച്ച് സാധാരണമായി ഓള്‍ സെയിന്റ്സ് പരേഡുകള്‍ സംഘടിപ്പിക്കുക. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത.
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ മലയാളികളും നേരത്തെ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍, ഹാലോവീന് പിന്നിലെ അപകടം മനസിലാക്കിയതോടെയാണ് 'ഓള്‍ സെയിന്റ്‌സ് ഡേ പരേഡുകള്‍' വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്. അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ മലയാളി ക്രൈസ്തവര്‍ ഹാലോവീനെതിരായ പോരാട്ടത്തില്‍ മുന്നിലുണ്ട്.
ഹാലോവീന്‍ ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഓള്‍ സെയിന്റ്സ് ദിനാഘോഷം ഓരോ വര്‍ഷവും കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ്. ഈ അനുകരണീയ മാതൃക ഇതര ക്രൈസ്തവ വിഭാഗങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.