ചൈനയിൽ പിടിമുറുക്കി വീണ്ടും കോവിഡ്; ആപ്പിൾ ഫാക്ടറി ജീവനക്കാർ വേലി ചാടി രക്ഷപ്പെടുന്ന വിഡിയോ വൈറൽ

ചൈനയിൽ പിടിമുറുക്കി വീണ്ടും കോവിഡ്; ആപ്പിൾ ഫാക്ടറി ജീവനക്കാർ വേലി ചാടി രക്ഷപ്പെടുന്ന വിഡിയോ വൈറൽ

 ബെയ്ജിങ്: ചൈനയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. ഷെങ്ഷൂ പ്രവിശ്യയിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. രോഗവ്യാപനത്തെ തുടർന്ന് ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ പ്രദേശത്തെ ആപ്പിൾ ഫാക്ടറിയിൽനിന്ന് ജീവനക്കാർ വേലി ചാടി രക്ഷപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആപ്പിൾ ഫാക്ടറിയുടെ വേലിക്കെട്ടു ചാടിക്കടന്ന് ഒരുകൂട്ടം ജീവനക്കാർ രക്ഷപ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്.



‘ഫോക്സ്കോൺ’ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണു സംഭവം. ചൈനയിലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ, ബിബിസിയുടെ ചൈനയിലെ കറസ്പോണ്ടന്റായ സ്റ്റീഫൻ മക്ഡോണൽ ട്വീറ്റ് ചെയ്തു. ഇവിടെനിന്ന് രക്ഷപ്പെടുന്ന ജീവനക്കാർ, നൂറുകണക്കിനു കിലോമീറ്ററുകൾ താണ്ടിയാണ് വീടുകളിലേക്കു മടങ്ങുന്നത്

ലോക്ഡൗൺ കാരണം വാഹന സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇവരുടെ നടപ്പ്. കോവിഡ് കാലത്തെ മുൻ അനുഭവങ്ങൾ ഉള്ളതിനാൽ, ഭക്ഷണലഭ്യതയിൽ ഉൾപ്പെടെ ആശങ്കപ്പെട്ടാണ് ജീവനക്കാർ വേലി ചാടി രക്ഷപ്പെടുന്നത്.

ആപ്പിൾ ഫാക്ടറിയിലെ ജീവനക്കാർക്കിടയിൽ കോവിഡ് പടർന്നുപിടിച്ചതോടെ ഒരു വിഭാഗം ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഏതാണ്ട് മൂന്നു ലക്ഷത്തോളം ജീവനക്കാരാണ് ഈ ആപ്പിൾ പ്ലാന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ലോകത്താകമാനം വിൽക്കപ്പെടുന്ന ഐഫോണുകളിൽ പകുതിയിലധികവും ഇവിടെ നിർമിക്കുന്നതാണെന്നാണ് റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.