യേശു ഭൂതകാലത്തില്‍ വസിക്കുന്നില്ല; പകരം നമ്മുടെ മനപരിവര്‍ത്തനത്തിലേക്ക് അവിടുന്ന് അനുകമ്പയോടെ നോക്കുന്നു

യേശു ഭൂതകാലത്തില്‍ വസിക്കുന്നില്ല; പകരം നമ്മുടെ മനപരിവര്‍ത്തനത്തിലേക്ക് അവിടുന്ന് അനുകമ്പയോടെ നോക്കുന്നു

വത്തിക്കാന്‍ സിറ്റി: ഉയരം കുറഞ്ഞ സക്കായിയെ അനുകമ്പയോടെയും സ്‌നേഹത്തോടെയും യേശു പരിഗണിച്ചതു പോലെ തകര്‍ന്ന മനുഷ്യരാശിയുടെ അന്തസ് വീണ്ടെടുക്കാന്‍ അവിടുന്ന് നമുക്ക് അവസരം നല്‍കുന്നതായി ഫ്രാന്‍സിസ് പാപ്പ. ദൈവം നമ്മുടെ കുറവുകളെ നോക്കി അപമാനിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ലെന്നും മറിച്ച് നമ്മുടെ പാദങ്ങള്‍ കഴുകുന്ന നിലയിലേക്ക് സ്വയം താഴ്ത്തി അവിടുന്ന് നമ്മെ നോക്കുകയും നമ്മുടെ അന്തസ് വീണ്ടെടുത്തു നല്‍കുകയും ചെയ്യുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.

ഞായറാഴ്ച്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെ മധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്. ദിവ്യബലി മധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം 19-ാം അധ്യായം ഒന്നു മുതല്‍ പത്തു വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്. അതായത് നികുതി പിരിവുകാരന്‍ സക്കായിയുമായുള്ള യേശുവിന്റെ കൂടിക്കാഴ്ച്ചയായിരുന്നു സന്ദേശത്തിന്റെ കാതല്‍.

യേശു ജറീക്കോയിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായിരുന്ന സക്കേവൂസ് എന്ന ഒരാളുണ്ടായിരുന്നു. യേശുവിനെ കാണാന്‍ സക്കായി ആഗ്രഹിച്ചു. എന്നാല്‍ ഉയരക്കുറവെന്ന പരിമിതിയുണ്ടായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. അതിനാല്‍ യേശുവിനെ കാണാന്‍ ഒരു മരത്തില്‍ കയറേണ്ടിവന്നു.

മരത്തിലിരുന്ന സക്കായിയും ജനക്കൂട്ടത്തിനിടയില്‍ നിന്ന് യേശുവും പങ്കിട്ട നോട്ടത്തില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം.

യേശു മുകളിലേക്കു നോക്കിപ്പറഞ്ഞു: 'സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു'. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു.

ഇസ്രായേലിലെ റോമന്‍ അധിനിവേശക്കാരുടെ നികുതിപിരിവുകാരനെന്ന നിലയില്‍ സക്കായി മറ്റുള്ളവരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ തന്റെ സ്ഥാനം ഉപയോഗപ്പെടുത്തി. അതുകൊണ്ട് തന്നെ എല്ലാവരാലും വെറുക്കപ്പെടുകയും പാപിയായി മുദ്രകുത്തപ്പെടുകയും ചെയ്തിരുന്നു.

പൊതുസമൂഹവുമായി ഇടപെടുന്ന വ്യക്തിത്വം ഉണ്ടായിട്ടും സക്കേവൂസ് യേശുവിനെ ഇതുവരെ അറിഞ്ഞിരുന്നില്ല. ഉയരക്കുറവുണ്ടെങ്കിലും യേശുവിനെ കാണാന്‍ അവന്‍ അത്യധികം ആഗ്രഹിച്ചു.

ജീവിതത്തില്‍, എല്ലാം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്ന് സക്കേവൂസ് നമ്മെ പഠിപ്പിക്കുന്നു. വീണ്ടും തുടങ്ങാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ആഗ്രഹത്തിന് നമുക്ക് എപ്പോഴും ഇടം കണ്ടെത്താനാകും.

നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാന്‍ പിതാവ് അയച്ച മനുഷ്യപുത്രന്റെ നോട്ടത്തിലേക്കാണ് പാപ്പ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചത്. ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശു സക്കായിയെ തലയുയര്‍ത്തി നോക്കുന്നു. 'സക്കായിയേ, വേഗം ഇറങ്ങിവരൂ, ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കണം' എന്നു പറയുന്നു.

താഴെ നിന്ന് അത്യധികം സ്‌നേഹത്തോടെ സക്കേവൂസിനെ മുകളിലേക്ക് നോക്കുന്ന യേശുവിന്റെ മനോഹരമായ ചിത്രം ഈ വാക്കുകള്‍ അനാവരണം ചെയ്യുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.

'ഇതാണ് പാപമോചനത്തിന്റെ ചരിത്രം: നമ്മുടെ കുറവുകളെ നോക്കി നമ്മെ അപമാനിക്കാനും വിധിക്കാനും ദൈവം ഒരിക്കലും ശ്രമിച്ചിട്ടില്ല. നേരെമറിച്ച്, നമ്മുടെ പാദങ്ങള്‍ കഴുകുന്ന നിലയിലേക്ക് അവന്‍ തന്നെത്തന്നെ താഴ്ത്തുകയും നമ്മുടെ അന്തസ് വീണ്ടെടുത്ത് തിരികെ നല്‍കുകയും ചെയ്യുന്നു.

ഈ അധ്യായം രക്ഷയുടെ ചരിത്രത്തെ സംഗ്രഹിക്കുന്നു. ദൈവം തന്റെ സൃഷ്ടിയെ രക്ഷിക്കാനായി കരുണയോടെ തിരയുന്നു. മനുഷ്യവര്‍ഗം അതിന്റെ ദുരിതങ്ങളില്‍നിന്ന് മോചനം തേടുന്നു.

ഈ സുവിശേഷം നമ്മെ സംബന്ധിച്ചിടത്തോളം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മാര്‍പാപ്പ ചോദിച്ചു. ദൈവം ഒരിക്കലും തെറ്റുകള്‍ സംഭവിച്ചിട്ടുള്ള നമ്മുടെ ഭൂതകാലത്തിലല്ല വസിക്കുന്നത്. പകരം നമുക്ക് എന്തായിത്തീരാന്‍ കഴിയുമെന്ന് അനന്തമായ സാധ്യതകളിലേക്ക് അവിടുന്ന് ആത്മവിശ്വാസത്തോടെ നോക്കുന്നു.

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ യേശു എപ്പോഴും നമ്മെ സ്‌നേഹത്തോടെ നോക്കുന്നു. നാം അവനെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെങ്കില്‍ നമ്മുടെ വീട്ടിലേക്ക് അവിടുന്ന് സ്വയം ക്ഷണിക്കുന്നു.

നാം നമ്മെത്തന്നെ എങ്ങനെ കാണുന്നു എന്നും തെറ്റുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവരെ എങ്ങനെ നോക്കിക്കാണുന്നു എന്നും വിലയിരുത്തണം.

ക്രിസ്തു സക്കായിയെ നോക്കിയതു പോലെയുള്ള നോട്ടം ക്രിസ്ത്യനികളായ നമുക്കും ഉണ്ടായിരിക്കണം. താഴെ നിന്ന് അനുകമ്പയോടെ നമ്മെ നോക്കുകയും ആലിംഗനം ചെയ്യുകയും നഷ്ടപ്പെട്ടവരെ കരുണയോടെ അന്വേഷിക്കുകയും ചെയ്യുന്ന ഈ ഭാവമാണ് സഭയുടേതും - പാപ്പ ഉപസംഹരിച്ചു.

മാര്‍പാപ്പയുടെ കൂടുതല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://cnewslive.com/author/33833/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.