ഓൺലൈൻ കാലത്തെ അധ്യാപനവും രക്ഷിതാവിന്റെ പങ്കും.

ഓൺലൈൻ കാലത്തെ അധ്യാപനവും രക്ഷിതാവിന്റെ പങ്കും.

ലോകത്തെയാകെ വിഴുങ്ങിയ കൊറോണ കലാലയങ്ങളെയും വിദ്യാർഥികളെയും മാത്രമല്ല അധ്യാപകരെയും രക്ഷിതാക്കളെയും അരക്ഷിതാവസ്ഥയിലാക്കി.


കൂട്ടുകാരില്ലാതെ കളിക്കളമില്ലാതെ വിനോദങ്ങളില്ലാതെ വീടിനുള്ളിൽ വിദ്യാർഥികൾ വീർപ്പുമുട്ടിയപ്പോൾ, രക്ഷിതാക്കൾ അസ്വസ്ഥരായത് മക്കളുടെ പഠനത്തെക്കുറിച്ചും വീട്ടകം ചിലപ്പോൾ യുദ്ധക്കളമായി മാറുന്നതിനെ കുറിച്ചും ആണ്.

വിദ്യാർത്ഥികളില്ലാതെ വിദ്യാലയം നിർജ്ജീവമായപ്പോൾ ഓൺലൈൻ പഠനത്തിലേക്ക് അധ്യയനം മാറി. പക്ഷെ മലയോര മേഖലകളിൽ ആവശ്യമായ നെറ്റ്‌വർക്കുകൾ ഇല്ലാത്തതിനാലും ടിവി, ഫോൺ സൗകര്യം കുട്ടികൾക്ക് ലഭ്യമാകാത്തതിനാലും എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക അധ്യാപകർക്ക് ബുദ്ധിമുട്ടായി. നോട്ട് നോക്കുക, പരീക്ഷ നടത്തുക, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയ്ക്കെല്ലാം ഒട്ടേറെ പരിമിതികൾ ഉണ്ടായി. എങ്കിലും ഓൺലൈൻ കാലത്തെ അധ്യാപനം സൃഷ്ടിപരമാക്കുവാൻ ചില നിർദ്ദേശങ്ങൾ.

1. വിദ്യാലയത്തിൽ 40 കുട്ടികൾക്ക് മുൻപിൽ ക്ലാസ്സെടുക്കുന്നതു പോലെയല്ല ഓൺലൈൻ ക്ലാസിൽ; രക്ഷിതാക്കൾ കുട്ടികൾക്കൊപ്പമിരുന്ന് ക്ലാസ് കേൾക്കുന്നതിനാൽ ഉച്ചാരണ വൈകല്യങ്ങൾ, ബോർഡിലെഴുതുന്ന അക്ഷരത്തെറ്റുകൾ, വിഷയത്തിലുള്ള ധാരണക്കുറവ് തുടങ്ങിയവയെല്ലാം രക്ഷിതാക്കൾ തിരിച്ചറിയും. ആയതിനാൽ നല്ല ഒരുക്കവും ശ്രദ്ധയും വേണം.

2. ഐടി എനേബിൾഡ് ക്ലാസ്സുകൾക്ക് വളരെ പ്രാധാന്യം കൊടുക്കുകയും ക്ലാസ്സ് ആകർഷകമാക്കുകയും വേണം.

3. അധ്യാപകരുപയോഗിക്കുന്ന ശബ്ദം ഊഷ്മളതയുള്ളതും ആകർഷകവുമായിരിക്കണം

4. സൗഹൃദാന്തരീക്ഷത്തിൽ പഠനപ്രക്രിയ മുന്നോട്ടു കൊണ്ടുപോവുകയും ഗ്രാമ്യഭാഷയേക്കാൾ നിലവാരമുള്ള പ്രോത്സാഹജനകമായ ഭാഷ ഉപയോഗിക്കുകയും വേണം.

5.കണ്ണുരുട്ടാനോ വടിയെടുക്കാനൊ കഴിയാത്തതിനാൽ വിദ്യാർത്ഥികളുമായി ഹൃദയാഹൃദയബന്ധം ഉണ്ടാക്കുന്ന അധ്യാപകരാണിവിടെ വിജയിക്കുന്നത്.

രക്ഷിതാക്കളോട്

1. അധ്യാപകർ ക്ലാസ്സ് എടുക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന പോരായ്മകൾ കുട്ടികൾ കേൾക്കെ പറയാതിരിക്കുക. അധ്യാപകരെ കുറ്റപ്പെടുത്തുന്നത് കുട്ടികൾക്ക് ഇഷ്ടപ്പെടാറില്ല എന്ന് മാത്രമല്ല ആ വിഷയത്തോടും അധ്യാപകാനോടും ഇഷ്ടക്കേടുണ്ടാവും. ഉച്ചാരണശുദ്ധി കുറഞ്ഞാലും ചിലരുടെ ക്ലാസുകൾ കുട്ടികൾക്ക് നന്നായി മനസിലാവുന്നുണ്ടാവും

2. ഓൺലൈൻ ക്ലാസ് കേട്ടശേഷം കുട്ടിക്ക് മനസ്സിലാവാത്ത ഭാഗങ്ങൾ വിശദീകരിച്ചുകൊടുക്കാം - അധ്യാപകരെ വ്യക്തിപരമായി വിളിച്ച് സംശയനിവാരണം നടത്താം.

3. കുട്ടിക്ക് മുന്നിൽ ക്ലാസ് എടുക്കുന്നതിനേക്കാൾ ശ്രമകരമാണ് ക്യാമറയ്ക്കു മുന്നിൽ ക്ലാസ്സ് എടുക്കുന്നതെന്ന് അറിയിമെല്ലോ!

4. സ്വകാര്യസ്കൂളുകളിൽ ഫീസ്കൊടുത്ത് പഠിക്കുന്നതിനാൽ മുതൽമുടക്കിന്റെ അത്ര ക്ലാസ്സ്‌ കിട്ടുന്നില്ല എന്ന പരാതി അധ്യാപകർക്കെതിരെ ഉന്നയിക്കാതിരിക്കുക. മാനേജ്മെന്റിന്റെതാണ് ഉത്തരവാദിത്വം. നല്ല പരിശീലനം നേടിയ ടീച്ചേഴ്സിനെ കിട്ടണമെങ്കിൽ മുതലാളി കാശ് മുടക്കണം എന്ന് തന്നെ.

5. പരീക്ഷ എഴുതുമ്പോൾ സഹായിക്കുക, നോട്ട് എഴുതി കൊടുക്കുക തുടങ്ങി അമിത പിന്തുണയേകി കുട്ടികളെ പരാശ്രയജീവികളാക്കരുത്.

6. വീട്ടിലെ ശബ്ദവും ചലനങ്ങളും കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുമെന്നതിനാൽ ക്ലാസ് കേൾക്കുമ്പോൾ ഇയർഫോൺ കുട്ടികൾ ഉപയോഗിക്കുന്ന നല്ലതാണ്.

7. പഠിക്കുമ്പോഴും ക്ലാസ് തുടങ്ങുമ്പോഴും പ്രാർത്ഥനയോടെ ആരംഭിക്കുന്ന ശീലം കുട്ടികളെ പരിശീലിപ്പിക്കുക.

8. മൊബൈൽ ഉപയോഗം പഠനത്തിന് അപ്പുറം ഉണ്ടാക്കുന്ന സൗഹൃദങ്ങളെകുറിച്ച് രക്ഷിതാക്കൾക്ക് അതീവജാഗ്രത ഉള്ളവരായിരിക്കണം.

- ജേക്കബ് കോച്ചേരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.