ഫ്രാന്‍സിസ് മാര്‍പാപ്പായെ കാണാനെത്തിയ ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമായ മഡഗാസ്‌കറില്‍ നിന്നുള്ള സമര്‍പ്പിത സമൂഹത്തോട്, ഐക്യം കാത്തുസൂക്ഷിക്കാനും മെത്രാന്മാരുമൊത്ത് പ്രവര്‍ത്തിച്ച് ഒരുമയുള്ള ഒരു സമൂഹമായി വളര്‍ന്നുവരാനും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മഡഗാസ്‌കറിലെ ഇടയന്മാര്‍ 'അദ് ലിമിന' സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പാ മഡഗാസ്‌കറില്‍ നിന്നുള്ള സമര്‍പ്പിതരെയും വത്തിക്കാനില്‍ സ്വീകരിച്ചത്. ഇന്നത്തെ സമൂഹത്തിലേക്ക് കൊണ്ടുവരേണ്ട സാക്ഷ്യം കൂടിയാണ് ഐക്യത്തിന്റേതെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഇന്നത്തെ സമൂഹത്തിന് അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.
ഇന്നത്തെ സമൂഹങ്ങളിലും സഭയില്‍ പോലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണ് പലപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറയുന്നത് ദൈനംദിനകാര്യമായി ഇന്ന് മാറിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുവാനും സമൂഹത്തില്‍ വിഭജന ചിന്തകള്‍ കൊണ്ടു വരുന്ന കുറ്റം പറച്ചിലുകള്‍ ഒഴിവാക്കുവാനും പാപ്പാ മഡഗാസ്‌കര്‍ സമര്‍പ്പിതരോട് ആവശ്യപ്പെട്ടു.
കുറ്റം പറച്ചിലിന്റെ മനോഭാവവും സ്വാര്‍ത്ഥതയുടെ വൈറസും ചേര്‍ന്ന് ലോകത്ത് ജനതകള്‍ തമ്മിലും ഒരേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുമുള്ള സഹവാസം പലപ്പോഴും ദുസഹനീയമാക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. എന്നാല്‍ അതേസമയം മഡഗാസ്‌കറില്‍ നിന്നുള്ള സമര്‍പ്പിതരുടെ ക്രിസ്തുവിനുള്ള സമര്‍പ്പണം, യഥാര്‍ത്ഥ സന്തോഷം നല്‍കുന്ന സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ജീവിതം വ്യത്യസ്ഥമായ രീതിയില്‍ ജീവിക്കാമെന്നതിന് തെളിവാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.
പരസ്പരം സഹായമായി ഒരുമിച്ച് സഞ്ചരിക്കാനും, നിങ്ങള്‍ക്ക് മുന്‍പേ ഇതിലേ പോയ നിരവധി വിശുദ്ധരുടെയും വിശുദ്ധകളുടെയും കാല്‍പ്പാടുകളിലൂടെ നടന്ന് നിങ്ങളുടെ വിശ്വാസത്തെ പുതുക്കുവാനും അഭിവൃദ്ധിപ്പെടുത്തുവാനും പാപ്പാ മഡഗാസ്‌കര്‍ സമര്‍പ്പിത സമൂഹത്തെ ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മഡഗാസ്‌കര്‍ ലോകത്തിലെ ഏറ്റവും വിസ്തീര്‍ണമുള്ള നാലാമത്തെ ദ്വീപും നാല്‍പത്തിയേഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.