ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: നെതന്യാഹു തിരിച്ചു വരവിന് ഒരുങ്ങുന്നതായി എക്‌സിറ്റ് പോള്‍

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: നെതന്യാഹു തിരിച്ചു വരവിന് ഒരുങ്ങുന്നതായി എക്‌സിറ്റ് പോള്‍

ജെറുസലേം: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യത. ചൊവ്വാഴ്ച്ചത്തെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അദേഹത്തിന്റെ വലതുപക്ഷ സഖ്യം ശക്തമായ പ്രകടനത്തിലൂടെ ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു.

അഴിമതി ആരോപണങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന, ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന അദേഹം നെസെറ്റിന്റെ 120 സീറ്റുകളില്‍ 61 അല്ലെങ്കില്‍ 62 സീറ്റുകളുമായി നേരിയ ഭൂരിപക്ഷം നേടുമെന്നാണ് ഇസ്രായേല്‍ ടെലിവിഷന്‍ എക്‌സിറ്റ് പോള്‍ പ്രവചനം.

ഈ ആഴ്ച അവസാനം വരെ അന്തിമ ഫലം പ്രതീക്ഷിക്കുന്നില്ല. അതിനിടയില്‍ ഫലങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയത് തര്‍ക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ഇസ്രയേലില്‍ നാലു വര്‍ഷത്തിനുള്ളില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പ് വോട്ടര്‍മാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. എങ്കിലും 2015നു ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.

വെസ്റ്റ് ബാങ്ക് കുടിയേറ്റക്കാരനായ ഇറ്റാമിര്‍ ബെന്‍-ഗ്വിറും അദേഹത്തിന്റെ അള്‍ട്രാ നാഷണലിസ്റ്റ് റിലീജിയസ് സയണിസം ലിസ്റ്റും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇളക്കി മറിച്ചു. രാഷ്ട്രീയ അവഗണനയിലായിരുന്ന പാര്‍ട്ടി പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാകാന്‍ ഒരുങ്ങുകയാണ്.

രാജ്യത്തിന്റെ ചുമതലകളിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ബെന്‍-ഗ്വിര്‍ ''തീവ്രവാദികള്‍ക്ക് മരണം'' എന്ന മുദ്രാവാക്യം മുഴക്കികൊണ്ടിരുന്ന നൂറു കണക്കിന് അനുകൂലികളോടുള്ള പ്രസംഗത്തില്‍ പറഞ്ഞത്.

മധ്യ വാദിയായ യെയര്‍ ലാപിഡും അദേഹത്തിന്റെ സഖ്യ കക്ഷിയായ നഫ്താലി ബെനെറ്റും ആദ്യമായി ഒരു അറബ് പാര്‍ട്ടിയെ സംഖ്യത്തില്‍ ഉള്‍പ്പെടുത്തിയതോടെ 2021 ജൂണിലാണ് നെതന്യാഹുവിന്റെ തുടര്‍ച്ചയായ 12 വര്‍ഷത്തെ റെക്കോഡ് ഭരണം അവസാനിച്ചത്.

തെരുവുകളിലെ സുരക്ഷയും കുതിക്കുന്ന വിലകളുമായിരുന്നു വോട്ടര്‍മാരുടെ ആശങ്കകള്‍. വലതുപക്ഷ, ലിബറല്‍, അറബ് പാര്‍ട്ടികളുടെ പ്രധാനമന്ത്രി ലാപിഡിന്റെ സാധ്യതയില്ലാത്ത ഭരണ സഖ്യത്തില്‍ നിന്നുള്ള കൂറുമാറ്റവും പ്രചാരണത്തിനിടെ ഉണ്ടായി.
നെതന്യാഹുവിന്റെ അപാരമായ വ്യക്തിത്വത്തിനായിരുന്നു പ്രചാരണത്തില്‍ ആധിപത്യം. 2019ല്‍ കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ നിയമ പോരാട്ടങ്ങള്‍ ഇസ്രായേലിന്റെ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ സ്തംഭനാവസ്ഥയിലാക്കി.
ലാപിഡിന്റെ പാര്‍ട്ടി 54-55 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഇതിലൂടെ പാര്‍ലമെന്റില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കുമെന്ന് ലാപിഡ് പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളോട് പറഞ്ഞു. തങ്ങള്‍ നിര്‍ത്താന്‍ ഉദേശിക്കുന്നില്ല, ഇസ്രയേലിനെ ഒരു യഹൂദ, ജനാധിപത്യ, ലിബറല്‍, പുരോഗമന രാഷ്ട്രമാക്കാനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്ന് ലാപിഡ് പറഞ്ഞു.

ലെബനന്‍, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള നയതന്ത്ര മുന്നേറ്റവും സമ്പദ്വ്യവസ്ഥയുടെ മേല്‍നോട്ടവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണം ആയുധം. എന്നാല്‍ വലതുപക്ഷത്തെ തടയാന്‍ അത് പോരായിരുന്നു.
എന്തായാലും നെതന്യാഹുവിന് ബെന്‍-ഗ്വിറിന്റെയും സഹ തീവ്ര വലതുപക്ഷ നേതാവ് ബെസലേല്‍ സ്‌മോട്രിച്ചിന്റെയും പിന്തുണയെ ആശ്രയിക്കേണ്ടതാകും ഫലം. ഇസ്രായേലിനോട് കൂറു പുലര്‍ത്താത്തവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.