വീണ്ടും യുദ്ധ ഭീതി?.. ഇറാന്‍ സൗദിയെയോ ഇറാക്കിനെയോ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ആശങ്കയെന്ന് അമേരിക്ക

വീണ്ടും യുദ്ധ ഭീതി?.. ഇറാന്‍ സൗദിയെയോ ഇറാക്കിനെയോ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ആശങ്കയെന്ന് അമേരിക്ക

ആക്രമണ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇറാന്‍.

റിയാദ്: രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇറാന്‍ അയല്‍ രാജ്യങ്ങളായ സൗദി അറേബ്യയെയോ, ഇറാക്കിനെയോ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്. ആക്രമണം 48 മണിക്കൂറിനുള്ളില്‍ നടന്നേക്കുമെന്നും സൗദി അമേരിക്കയ്ക്ക് കൈമാറിയ രഹസ്യ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇറാന്‍ ഇക്കാര്യം നിക്ഷേധിച്ചു. തങ്ങള്‍ അയല്‍ രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഷ്ട്രമാണെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നാസര്‍ കനാനി പറഞ്ഞു.

അതേസമയം സൗദി അറേബ്യയ്‌ക്കെതിരെയുള്ള ആക്രമണ ഭീഷണിയില്‍ ആശങ്കയുണ്ടെന്നും അധികൃതരുമായി നിരന്തരം ആശയ വിനിമയം നടത്തുകയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എന്നാല്‍ സൗദിയിലെ അമേരിക്കന്‍ എംബസിയോ കോണ്‍സുലേറ്റോ ആക്രമണം സംബന്ധിച്ച് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സൗദി അറേബ്യയ്ക്ക് ഇറാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ 2019 ല്‍ നടന്ന വലിയ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്കയും സൗദിയും നേരത്തേ ആരോപിണമുന്നയിച്ചിരുന്നു. എന്നാലിത് ഇറാന്‍ നിഷേധിച്ചു. സമീപകാലങ്ങളായി ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിക്കുന്നുണ്ട്.

ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 22 കാരിയായ മഹ്സ അമിനി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുന്നവരെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉക്രെയ്ന്‍ അധിനിവേശത്തിനായി റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കുന്നതിനും അമേരിക്ക ഇറാനിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.