യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് 5.23 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് 5.23 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്സിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു  മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 5.23 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.

ഇന്ത്യാക്കാരനായ രാജ് വേന്ദര്‍ സിങാ(38)ണ് പിടികിട്ടാപ്പുള്ളിയായ പ്രതി. 2018 ല്‍ ആണ് സംഭവം. തന്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ സവാരിക്കിറങ്ങിയ ടോയ കോര്‍ഡിംഗ്ലി എന്ന 24 കാരിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്നിസ്ഫെയിലില്‍ നഴ്സായി ജോലി ചെയ്തിരുന്ന രാജ് വേന്ദര്‍ സിങ്, ടോയ കോര്‍ഡിംഗ്ലി കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുവെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഒക്ടൊബോര്‍ 22 നാണ് ടോയ കോര്‍ഡിംഗ്ലി കൊല്ലപ്പെട്ടത്. പിറ്റേന്നു തന്നെ രാജ് വേന്ദര്‍ സിങ് സിഡ്നിയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെത്തിയതിന് തങ്ങളുടെ പക്കല്‍ സ്ഥിരീകരണമുണ്ടെന്ന് ക്വീന്‍സ് ലാന്‍ഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് പറഞ്ഞു.

രാജ് വേന്ദറിന്റെ അവസാന ലൊക്കേഷന്‍ ഇന്ത്യയിലാണെന്ന് ക്വീന്‍സ് ലാന്‍ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും നന്നായി സംസാരിക്കാന്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴിയും മറ്റും നല്‍കാവുന്നതാണെന്നും ക്വീന്‍സ് ലാന്‍ഡ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയില്‍ ഉള്ളവര്‍ക്കും ക്വീന്‍സ് ലാന്‍ഡ് പൊലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (http://police.qld.gov.au/reporting) വിവരം അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.