'ഉണരുക, കാലാവസ്ഥാ അടിയന്തരാവസ്ഥയെ അടിയന്തരാവസ്ഥയായി' കൈകാര്യം ചെയ്യുകയെന്ന് ഓസ്‌ട്രേലിയയോട് ഗ്രെറ്റ തുന്‍ബര്‍ഗ്‌

'ഉണരുക, കാലാവസ്ഥാ അടിയന്തരാവസ്ഥയെ അടിയന്തരാവസ്ഥയായി' കൈകാര്യം ചെയ്യുകയെന്ന് ഓസ്‌ട്രേലിയയോട് ഗ്രെറ്റ തുന്‍ബര്‍ഗ്‌

സ്റ്റോക്ക്‌ഹോം: ഉണര്‍ന്ന് കാലാവസ്ഥാ അടിയന്തരാവസ്ഥയെ അടിയന്തരാവസ്ഥയായി കൈകാരം ചെയ്യണമെന്ന് ഓസ്‌ട്രേലിയയോട് കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് ആഹ്വാനം ചെയ്തു. സ്വീഡനിലെ തന്റെ വസതിയില്‍ നിന്നും ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു ഗ്രെറ്റ. ഗ്രഹത്തെ രക്ഷിക്കാനായി ആവശ്യമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് രാഷ്ടീയത്തെ ആശ്രയിക്കുന്നതില്‍ ഗ്രെറ്റ ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പു നല്‍കി.
തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പുതിയ സര്‍ക്കാരുണ്ട് ഇനിയെല്ലാം ശരിയാകും എന്നാണ് പല ഓസ്‌ട്രേലിയക്കാരും കരുതുന്നതെന്നും എന്നാല്‍ സത്യം വളരെ അകലെയാണെന്നും നവംബര്‍ ആറിന് ഈജിപ്റ്റില്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായി ഗ്രെറ്റ പറഞ്ഞു.
ഗ്രെറ്റ എപ്പോഴും രാഷ്ട്രീയ അടുപ്പത്തില്‍ നിന്നും അകന്നു നില്‍ക്കുന്നു. കാലാവസ്ഥ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയം എല്ലാത്തരത്തിലും പരാജയമാണെന്നും വാദിക്കുന്നു. താന്‍ ഒരു പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ല. താന്‍ ഗ്രീന്‍ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നതായി ചിലര്‍ പറയുന്നു, എന്നാല്‍ അത് സത്യമല്ല. നിലവിലെ എല്ലാ പ്രത്യയശാസ്ത്രങ്ങളും കക്ഷി രാഷ്ട്രീയവും ആവശ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഗ്രെറ്റ പറഞ്ഞു.
കോപ് 27 വെറും തട്ടിപ്പാണെന്നും ഗ്രെറ്റ പറഞ്ഞു. ഷാം എല്‍ ഷെയ്ഖിലെ മീറ്റിങില്‍ 35,000 ഡെലിഗേറ്റുകള്‍ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെ 100ലധികം ലോക നേതാക്കളുമുണ്ട്. ഊര്‍ജ്ജ മന്ത്രി ക്രിസ് ബോവനാണ് ഓസ്‌ട്രേലിയന്‍ സംഘത്തെ നയിക്കുന്നത്. എന്നാലും കാലാവസ്ഥാ ചര്‍ച്ചകളുടെ ഫലത്തില്‍ ഗ്രെറ്റ സംശയം പ്രകടിപ്പിച്ചു.
''എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന രീതിയിലാണ് ലോക നേതാക്കള്‍ സംസാരിക്കുക, എന്നാല്‍ ഒന്നും ചെയ്യുന്നില്ല'' ഗ്രെറ്റ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ ഈ വര്‍ഷം അവസാനത്തോടെ അവരവരുടെ പുറം തള്ളല്‍ ലക്ഷ്യം നേടുമെന്ന് 200ഓളം രാജ്യങ്ങള്‍ സമ്മതിച്ചതാണ്. സെപ്റ്റംബര്‍ ആയിട്ടും 24 രാജ്യങ്ങള്‍ മാത്രമാണ് എങ്ങനെ തങ്ങള്‍ ലക്ഷ്യം നേടുമെന്ന് പദ്ധതികള്‍ സമര്‍പ്പിച്ചത്. മീഥെയ്ന്‍ തള്ളല്‍ കുറയ്ക്കാനും വന നശീകരണം കുറയ്ക്കാനുമുള്ള പ്രതിജ്ഞാബദ്ധതകള്‍ കഴിഞ്ഞ കോണ്‍ഫറന്‍സിലെ സൈഡ് കരാറുകളില്‍ ഉള്‍പ്പെടുന്നു.
''മലിനീകരണം സൃഷ്ടിക്കുന്ന വമ്പന്മാര്‍ക്ക് സ്വയം പച്ച പൂശാനുള്ള അവസരമായി കാലാവസ്ഥ ഉച്ചകോടികളെ ഉപയോഗിക്കുന്നു. ഇതിനായി രാഷ്ട്രീയമെന്ന വ്യാജേന പിആര്‍ തന്ത്രങ്ങളും ആശയ വിനിമയ തന്ത്രങ്ങളും ഉപയോഗിക്കുന്നു'' ഗ്രെറ്റ പറഞ്ഞു. ''കോപ് 27 വലിയ വിജയമായിട്ടാണ് ഞാന്‍ കരുതുന്നത്. കാരണം എന്താണ് തട്ടിപ്പെന്ന് ആളുകള്‍ക്ക് ബോധ്യമായി'' ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥയുടെ കാര്യത്തില്‍ താന്‍ ഒരു അശുഭാപ്തിവിശ്വാസിയോ ശുഭാപ്തിവിശ്വാസിയോ ആയിരുന്നില്ലെന്ന് 19കാരിയായ തുന്‍ബെര്‍ഗ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.