ന്യൂഡല്‍ഹി: 10 ലക്ഷം പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് മാസങ്ങള്‍ തികയും മുന്‍പേ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്തി. ഒരു മാസത്തിനിടെ ഒരു ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സര്‍വേയില്‍ പറയുന്നു. സെപ്റ്റബറില്‍ 6.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 7.8 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.
സി.എം.ഐ.ഇയുടെ കണക്കുകള്‍ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 8.04 ശതമാനമായിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി സമ്യമുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. 2021 ഒക്ടോബറിലും 2020ലും യഥാക്രമം 7.7 ശതമാനവും ഏഴ് ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ 2019 ഒക്ടോബറില്‍ ഇത് 8.1 ശതമാനമായിരുന്നു.
നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലാണ് ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് (31.8 ശതമാനം) രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി രാജസ്ഥാന്‍ (30.7 ശതമാനം), ജമ്മു കാശ്മീര്‍ (22.4 ശതമാനം) എന്നീ സംസ്ഥാനങ്ങളാണുള്ളത്. മധ്യപ്രദേശ് (0.8 ശതമാനം), ഛത്തീസ്ഗഡ് (0.9 ശതമാനം), ഒഡീഷ (1.1 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് മേഖല 93 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായു നൗക്കരി ഡോട്ട് കോം റിപ്പോര്‍ട്ട് പറയുന്നു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ഓയില്‍, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോ എന്നിവയാണ് ഉയര്‍ന്ന തോതില്‍ നിയമനങ്ങള്‍ നടക്കുന്ന മേഖലകള്‍.
ഐ.ടി മേഖലയിലെ നിയമനങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. ഐ.ടിക്ക് പുറമെ, ടെലികോം, ഹെല്‍ത്ത് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ റിക്രൂട്ടമെന്റിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും നിയമനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.