ഹൈദ്രബാദ്: തെലുങ്ക് രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും എംഎല്‍എമാരെ സ്വാധീനിക്കാന്‍ തുഷാര്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചന്ദ്രശേഖര റാവു ആരോപിച്ചു.
ടിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാന്‍ ബിജെപി ശ്രമം നടത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നൂറ് കോടി രൂപ ബിജെപിയുടെ ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ബിജെപിയുടെ നാല് ബ്രോക്കര്‍മാര്‍ ഇതിന്റെ ഭാഗമായി. അതില്‍ ഒരാള്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്റെ ആരോപണം. സംഭവത്തില്‍ തെലങ്കാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്.
തുഷാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും കെ.ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. സിബിഐ, ഇഡി ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണ് എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുഷാര്‍ പറഞ്ഞു എന്നും ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ദൃശ്യങ്ങളിലും തുഷാര്‍ ഉണ്ടെന്നാണ് വിവരം. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങളൊക്കെ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തെളിവുകള്‍ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജന്‍സികളള്‍ക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളെ മുന്‍നിര്‍ത്തി രാജ്യവ്യാപക ക്യാമ്പയിന്‍ ആക്കി മാറ്റാനാണ് ചന്ദ്രശേഖര റാവുവിന്റെ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.