ഇമ്രാൻ ഖാൻ ജനങ്ങളെ വഴിതെറ്റിക്കുന്നു; മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് അക്രമി

ഇമ്രാൻ ഖാൻ ജനങ്ങളെ വഴിതെറ്റിക്കുന്നു; മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് അക്രമി

ഇസ്ലാമബാദ്: ജനങ്ങളെ തെറ്റായ് നയിക്കുന്നതുകൊണ്ടാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിക്കിടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി. ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്. ഒറ്റയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നും തനിക്ക് പിന്നിൽ മറ്റാരുമില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഇമ്രാൻ ഖാൻ റാലി ആരംഭിച്ച ദിവസം തന്നെ ഇത് ചെയ്യാൻ തീരുമാനിച്ചിരുന്നതായും പൊലീസ് പകർത്തിയ വിഡിയോയിൽ അക്രമി വ്യക്തമാക്കി. വസീറാബാദിലേക്ക് ബൈക്കിൽ എത്തിയ അക്രമി, വാഹനം അമ്മാവന്റെ കടയിൽ വെച്ചശേഷമാണ് സംഭവസ്ഥലത്തെത്തിയത്. വെടിവയ്പ്പിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്.

ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച അക്രമി

അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഇമ്രാനെ ലഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിൽ മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. ഇമ്രാൻ ഖാൻ അടുത്ത സഹായികളുമായി സംസാരിച്ചു. അവർ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് അറിയാമെന്നും പക്ഷേ ദൈവം എന്നെ സംരക്ഷിക്കുന്നുവെന്ന് അവർക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

കാലുകളിൽ വെടിയേറ്റ ഇമ്രാൻ അപകടനില തരണം ചെയ്തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി യാസ്മിൻ റാഷിദ് പറഞ്ഞു. ഇമ്രാൻ മന്ത്രിസഭയിലുണ്ടായിരുന്ന മുൻ ആരോഗ്യമന്ത്രി ഡോ. ഫൈസൽ സുൽത്താന്റെ മേൽനോട്ടത്തിൽ ഇമ്രാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

ഇസ്‌ലാമാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഗുജ്‌റൻവാല ജില്ലയിലായിരുന്നു ആക്രമണം. കണ്ടെയ്‌നർ ട്രക്കിന് മുകളിൽ നിൽക്കുകയായിരുന്ന ഇമ്രാൻ ഖാനെ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ നിന്നിരുന്ന സ്ഥലത്തിന്റെ ഇടതുവശത്ത് നിന്നാണ് അക്രമി വെടിയുതിർത്തത്.

പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കി. ഇമ്രാൻ ഖാനെതിരെയുണ്ടായ വെടിവയ്പിനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് തേടാൻ ആഭ്യന്തര മന്ത്രി റാനാ സനാഉല്ലയോട് നിർദേശിച്ചു. ആക്രമണത്തെ പാക്ക് സൈന്യവും അപലപിച്ചു.

സൈന്യത്തിന്റെ പിന്തുണയുള്ള ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ ലഹോറിൽനിന്ന് ഇസ്‌ലാമാബാദിലേക്ക് നടത്തുന്ന മാർച്ചിനിടെയാണ് ഇമ്രാനുനേരെ ആക്രമണമുണ്ടായത്. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അനുയായികളോടൊപ്പം ഇമ്രാൻ ആരംഭിച്ച മാർച്ച് ഒരാഴ്ച തികയും മുൻപാണ് ആക്രമണം. ഒക്ടോബർ 28 നാണ് ഇമ്രാൻ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ഈ വർഷം ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും യുഎസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്നണ് ഇമ്രാന്റെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.