ഖേഴ്‌സണില്‍ ഉക്രെയ്ന്‍ മുന്നേറ്റം; റഷ്യന്‍ സേന പിന്മാറി: 107 വീതം യുദ്ധത്തടവുകാരെ കൈമാറാന്‍ ധാരണ

ഖേഴ്‌സണില്‍ ഉക്രെയ്ന്‍ മുന്നേറ്റം; റഷ്യന്‍ സേന പിന്മാറി: 107 വീതം യുദ്ധത്തടവുകാരെ കൈമാറാന്‍ ധാരണ

കീവ്: ഉക്രെയ്ന്‍ - റഷ്യ യുദ്ധം ഒന്‍പതാം മാസവും അയവില്ലാതെ തുടരുന്നതിനിടെ 107 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറി ഇരു രാജ്യങ്ങളും. മരിയുപോള്‍ നഗരത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ ഗുരുതരമായി പരിക്കേറ്റവരും കിടപ്പിലായവരും കൈകാലുകള്‍ ഛേദിക്കപ്പെട്ടവരും ഉള്‍പ്പെടെയുള്ള സൈനികരെയാണ് റഷ്യ കൈമാറിയത്.

ഉക്രെയ്‌നില്‍നിന്നു വിട്ടുകിട്ടിയ 107 റഷ്യന്‍ സൈനികരെ ചികിത്സയ്ക്കായി മോസ്‌കോയിലേക്ക് മാറ്റുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, ഉക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കി. സാപൊറീഷ്യ ആണവ നിലയത്തിലേക്കുള്ള ഹൈടെന്‍ഷന്‍ ലൈനുകള്‍ തകര്‍ന്നതോടെ നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസപ്പെട്ടു.

ഉക്രെയ്ന്‍ മുന്നേറ്റം നടത്തുന്ന തന്ത്രപ്രധാന മേഖലയായ ഖേഴ്‌സണില്‍ നിന്ന് റഷ്യന്‍ സേന പൂര്‍ണമായി പിന്മാറി. റഷ്യന്‍ സേനയെ നശിപ്പിക്കാന്‍ ഉക്രെയ്ന്‍ ഡിനിപ്രോ നദിയിലെ കഖോക്‌വ അണക്കെട്ട് തകര്‍ക്കാന്‍ പദ്ധതിയിടുന്നതായി ആരോപിച്ചാണ് പിന്മാറ്റം. ഇതിനു സമീപമുള്ള മുഴുവന്‍ ജനങ്ങളോടും ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഭക്ഷ്യധാന്യ കയറ്റുമതിക്ക് യു.എന്‍ മധ്യസ്ഥതയിലുണ്ടാക്കിയ കരാറില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയ റഷ്യ തുര്‍ക്കിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സഹകരണം തുടരാന്‍ തീരുമാനിച്ചു.

ഉക്രെയ്‌നില്‍ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം റഷ്യ തടസപ്പെടുത്തില്ല. ഇതോടെ ഉക്രെയ്‌നില്‍നിന്ന് കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി വീണ്ടും സജീവമായി. ആക്രമണം നടത്താനുള്ള മറയായി കരാര്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങിയാണ് ധാന്യ വിതരണ കരാറില്‍ റഷ്യ വീണ്ടും ചേര്‍ന്നത്. കഴിഞ്ഞ ദിവസം ആറ് കപ്പലുകള്‍ ഉക്രെയ്ന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ടു.

ക്രീമിയയില്‍ റഷ്യയുടെ കരിങ്കടല്‍ കപ്പല്‍ വ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ബ്രിട്ടനാണെന്ന് ആരോപിച്ച് ബ്രിട്ടിഷ് അംബാസഡറെ മോസ്‌കോയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്നാണ് ധാന്യ വിതരണ റഷ്യ കരാറില്‍നിന്ന് പിന്‍വാങ്ങിയത്. ഇതുകാരണം സോമാലിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യു.എന്നിന്റെ ഭക്ഷ്യവിതരണം ഇതോടെ താളം തെറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.