സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വാഗ വാഗ, ഗണ്ണേഡ, മോമ എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കി.
ഫോര്‍ബ്സ് നഗരത്തിലൂടെ ഒഴുകുന്ന ലാച്ലാന്‍ നദിയിലെ ജലനിരപ്പ് വെള്ളിയാഴ്ച്ച രാത്രിയോടെ 10.8 മീറ്റര്‍ കവിയുമെന്നാണു പ്രവചനം. അതിനാല്‍ മേഖല അതീവ ജാത്രയിലാണ്. ഇവിടെ 1000-ലധികം താമസക്കാരോട് വീടുകള്‍ ഒഴിഞ്ഞ് ഉയര്‍ന്ന സ്ഥലത്തേക്ക് പോകാന്‍ കഴിഞ്ഞദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 1952 ന് ശേഷം ജലനിരപ്പ് ഇത്രയധികം എത്തിയിട്ടില്ല.
വെള്ളപ്പൊക്കത്തെ നേരിടാന്‍ മണല്‍ ചാക്കുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് പ്രദേശവാസികള്‍ തയാറെടുക്കുന്നത്. പല റോഡുകളും വെള്ളത്തിനടിയിലാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
12 മാസം മുമ്പും ഫോബ്സ് നഗരം വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു. ദുരിതത്തില്‍നിന്നു കരകയറുന്നതിനായി ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായം ഉള്‍പ്പെടെ ഫോബ്സിന് 25,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ഗ്രാമീണമേഖലയ്ക്കുള്ള ഗ്രാന്റായി പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പ്രഖ്യാപിച്ചു. ഫോര്‍ബ്‌സിലെ ജനങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിലെ 50 സൈനികരെ വിന്യസിച്ചു.
വീടുകള്‍ ഒഴിയുന്നവര്‍ക്കായി ഫോര്‍ബ്സ് ഹൈസ്‌കൂളില്‍ ഒരു ദുരിതാശ്വാസ കേന്ദ്രം ആരംഭിച്ചു.
വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കുന്നത് എന്തുവില കൊടുത്തും ഒഴിവാക്കണമെന്ന് പ്രീമിയര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുന്നറിയിപ്പുകള്‍ പാലിക്കാത്തതിനാല്‍ നിരവധി ജീവനുകളാണ് വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെടുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ലച്‌ലാന്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സമീപപ്രദേശങ്ങളായ നാനാമി, കോണ്ടോബോളിന്‍ നഗരങ്ങളും വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നദിയിലെ ജലനിരപ്പ് ആഴ്ചകളോളം ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് പ്രവചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.