കണ്ണൂര്‍: കാറില്‍ ചാരിനിന്നെന്നാരോപിച്ച് കുട്ടിയെ തൊഴിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്ന് മാറാതായതോടെ ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
തലശേരിയില്‍ തിരക്കേറിയ തെരുവില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ ഇയാള്‍ വാഹനം നിര്‍ത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടര്‍ന്നാണ് പ്രകോപിതനായ ഷിഹാദ് കുട്ടിയെ തൊഴിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇന്ന് രാവിലെയോടെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
അതേസമയം രാത്രിയില്‍ സംഭവം ഉണ്ടായയുടന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്സാക്ഷികളായവരില്‍ ചിലര്‍ ചേര്‍ന്ന് ഉടന്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒരു അഭിഭാഷകന്‍ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടര്‍ന്ന് ഷിഹാദിന്റെ കാര്‍ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ രാത്രിയില്‍ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും ഇന്ന് പ്രശ്നം വാര്‍ത്താ പ്രാധാന്യം നേടിയതോടെയാണ് അറസ്റ്റ് ഉണ്ടായത്.
പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശേരി എ.എസ്പി പി.നിഥിന്‍ രാജ് പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസിന് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.