14 കോടി രൂപ വിലയുള്ള പ്രാവ്; താരമാണ് ന്യൂ കീം

14 കോടി രൂപ വിലയുള്ള പ്രാവ്; താരമാണ് ന്യൂ കീം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം താരമാണ് ഒരു പ്രാവ്. ന്യൂ കീം എന്നാണ് പ്രാവിന്റെ പേര്. എന്തുകൊണ്ടാണ് ഈ പ്രാവ് ശ്രദ്ധ നേടിയതെന്ന് ചോദിച്ചാല്‍ അതിനുത്തരം അതിന്റെ വില തന്നെയാണ്. പതിനാല് കോടിയിലും അധികമാണ് ന്യൂ കീം പ്രാവിന്റെ വില.

കേള്‍ക്കുമ്പോള്‍ പലരും അമ്പരന്നേക്കാം. എന്നാല്‍ ന്യൂം കീം പ്രാവ് ഒരു ലേലത്തില്‍ വിറ്റുപോയത് 14 കോടി രൂപയ്ക്കാണ്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ പ്രാവ് എന്ന ബഹുമതിയും ന്യൂം കീം പ്രാവിന്റെ പേരില്‍ തന്നെയാണ്.

ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീജിയന്‍ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടത്. പീജിയന്‍ പാരഡൈസ് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ലേലത്തിലാണ് ന്യൂ കീം വിറ്റുപോയത്. ചൈനക്കാരായ രണ്ട് പൗരന്മാര്‍ 1.6 ദശലക്ഷം യൂറോ അതായത് ഏകദേശം പതിനാല് കോടി പതിനഞ്ച് ലക്ഷം രൂപയ്ക്ക് ന്യൂ കീമിനെ സ്വന്തമാക്കുകയായിരുന്നു. ഓണ്‍ലൈന്‍ ലേലമായതുകൊണ്ടുതന്നെ പേര് വെളിപ്പെടുത്തിയിട്ടില്ല ഈ പൗരന്മാര്‍.

ആളത്ര നിസ്സാരക്കാരനൊന്നുമല്ല ന്യൂ കീം. വിവിധ പറക്കല്‍ പന്തയങ്ങളില്‍ നേരത്തെ തന്നെ താരമായിട്ടുണ്ട് ഈ പ്രാവ്. അതുകൊണ്ടുതന്നെയാണ് ഈ പ്രാവിന് ഇത്രയേറെ മതിപ്പു വില ലഭിച്ചതും. കഴിഞ്ഞ വര്‍ഷം പീജിയന്‍ പാരഡൈസിന്റെ ലേലത്തില്‍ അര്‍മാന്‍ഡോ എന്നു പേരുള്ള ഒരു പ്രാവ് 11 കോടിയിലധികം രൂപയ്ക്ക് വിറ്റുപോയിരുന്നു. ആ പ്രാവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ന്യൂ കീം തകര്‍ത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.