മനാമ: പോപ് ഫ്രാന്‍സിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദർശനത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ശനിയാഴ്ച രാവിലെ 8.30ന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ മാർപാപ്പ വിശ്വാസികള്‍ക്കായി കുർബാന അർപ്പിക്കും.കുർബാനയിൽ പങ്കെടുക്കാനായി വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടത്തിയത്. ഇരുപത്തിയെട്ടായിരത്തോളം പേർക്കാണ് അവസരം ലഭിച്ചിട്ടുളളത്. പുലർച്ചെ മുതൽ വിശ്വാസികൾ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സേക്രഡ് ഹാർട്ട് സ്കൂളില്‍ യുവജനങ്ങളുമായി കൂടികാഴ്ച നടത്തും. നാളെ രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകീട്ട് 5 മണിയോടെ മാർപാപ്പ റോമിലേക്ക് തിരിക്കും.

വ്യാഴാഴ്ച വൈകീട്ടാണ് മാർപാപ്പ ബഹ്റൈനില്‍ എത്തിയത്. അന്നുതന്നെ സഖീർ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി അദ്ദേഹം കൂടികാഴ്ച നടത്തി. കൂടാതെ ബഹ്റൈന്‍ അധികാരികള്‍ സിവില്‍ സൊസൈറ്റി, നയതന്ത്ര സേന അധികൃതർ എന്നിവരുമായും അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.ഔദ്യോഗിക സ്വീകരണ ചടങ്ങിലും പാപ്പ പങ്കെടുത്തു. കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ വെളളിയാഴ്ച മാർപാപ്പ പങ്കെടുത്തു. വൈകീട്ട് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യയില്‍ സമാധാന പ്രാർത്ഥനയും മാർപാപ്പയുടെ നേതൃത്വത്തില്‍ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.