പാര്‍ട്ടിക്കാ‍ര്‍ക്ക് കരാര്‍ നിയമനം: മേയറുടെ കത്ത് ഞെട്ടിക്കുന്നത്; ആര്യ രാജേന്ദ്രൻ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ വേണമെന്ന് വിഡി സതീശൻ

പാര്‍ട്ടിക്കാ‍ര്‍ക്ക് കരാര്‍ നിയമനം: മേയറുടെ കത്ത് ഞെട്ടിക്കുന്നത്; ആര്യ രാജേന്ദ്രൻ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ വേണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് സി.പി.എം ജില്ല സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. നടപടിക്കെതിരെ രൂക്ഷ വിമ‍ര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയ‍ര്‍ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ അല്ലെങ്കിൽ സിപിഎം മേയറെ പുറത്താക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. നേരത്തെയും ഇതുപോലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. എസ്.എ.ടി ആശുപത്രിയിലേക്ക് നിയമിക്കാനുള്ള ആളുകളുടെ പട്ടിക ആവശ്യപ്പെട്ടായിരുന്നു അന്ന് കത്തയച്ചത് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തദ്ദേശ സ്ഥാപനക്കളിൽ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനകളിലും താൽക്കാലിക ജീവനക്കാർ എന്ന പേരിൽ താൽക്കാലിക നിയമനം നടക്കുകയാണ്. ഈ പിന്‍വാതിലിലൂടെ നിയമിക്കപ്പെടുന്ന താല്‍ക്കാലികക്കാര്‍ തുടരുന്നത് കൊണ്ടാണ് പി.എസ്.സി മുഖേനെ നിയമനം ലഭിച്ച പലര്‍ക്കും അവരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിപാര്‍ട്‌മെന്റ് ഹെഡ് മടിക്കുന്നത്. പകരം പാര്‍ട്ടിക്കാരെ നിയമിച്ച് 10 വ‍ര്‍ഷം കഴിയുമ്പോൾ അവരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി..

പാർട്ടി സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റിലാണ് നിയമനങ്ങൾ നടക്കുന്നത്. ഇത് തിരുവനന്തപുരം മേയ‍റുടെ കത്ത് പുറത്ത് വന്നതോടെ വ്യക്തമായി. നവംബര്‍ ഒന്നിന് മേയര്‍ അയച്ച കത്താണ് പുറത്തുവന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള മേയറുടെ പേരിലുള്ള കത്തായിരുന്നു ഇത്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.