ജക്കാര്‍ത്ത: നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് മതനേതാക്കളുടെ സമ്മേളനത്തില്‍ വികാരാധീനനായി വിവരിച്ച് നൈജീരിയന്‍ കത്തോലിക്ക ബിഷപ്പ് മാത്യു ഹസന്‍ കുക്ക. രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ച് നൂറുകണക്കിന് വിശ്വാസികളെയാണ് തുടര്‍ച്ചയായി കൊലപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും നിരപരാധികളായ പൗരന്മാരെ തട്ടിക്കൊണ്ടുപോകല്‍, സായുധ കൊള്ളകള്‍, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകള്‍, കൊലപാതകങ്ങള്‍ എന്നിവയുടെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ പുണ്യസ്ഥലങ്ങള്‍ കൊലക്കളങ്ങളായി മാറിയിരിക്കുന്നതായി ബിഷപ്പ് പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 റിലീജിയന്‍ ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്‌ക്കെതിരേ ബിഷപ്പ് ലോകത്തിന്റെയും സര്‍ക്കാരുകളുടെയും ഇടപെടല്‍ ആവശ്യപ്പെട്ടത്. തന്റെ രാജ്യമായ നൈജീരിയ ഇസ്ലാമിക തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണായിത്തീര്‍ന്നതായും അദ്ദേഹം പറഞ്ഞ
ഓപ്പണ്‍ ഡോര്‍സ് എന്ന സര്‍ക്കാരിതര സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ നൈജീരിയയില്‍ 4,650 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ഇത് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും നടക്കുന്ന കൊലപാതകങ്ങളേക്കാള്‍ കൂടുതലാണ്.
സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്തോനേഷ്യയിലെ നഹ്ദലത്തുല്‍ ഉലമ രാഷ്ട്രീയ പാര്‍ട്ടിയാണ്. 120 ദശലക്ഷം മിതവാദികളായ മുസ്ലിംകളാണ് ഈ സംഘടനയില്‍ അംഗങ്ങളായുള്ളത്. അതായത് രാജ്യത്തെ 231 ദശലക്ഷം മുസ്ലിംകളില്‍ 40 ശതമാനത്തോളം വരുമിത്.
മാനുഷിക സമത്വത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച്, തീവ്രവാദ പ്രശ്നങ്ങള്‍ക്ക് പൊതുവായ പരിഹാരം കണ്ടെത്താന്‍ മതനേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ജി20യുടെ ലക്ഷ്യം. ആയുധവല്‍ക്കരണം തടയുന്നതിനും വര്‍ഗീയ വിദ്വേഷത്തിന്റെ വ്യാപനം തടയുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇസ്ലാമിക സംഘടനയായ നഹ്ദലത്തുല്‍ ഉലമയുടെ ചരിത്രപരമായ നടപടിയെ നൈജീരിയയിലെ സോകോട്ടോ രൂപതയുടെ ബിഷപ്പ് അഭിനന്ദിച്ചു.
തന്റെ രൂപതയില്‍ മുസ്ലീം തീവ്രവാദികള്‍ അടുത്തിടെ നടത്തിയ ക്രൂരമായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. സഹ പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചും മെയ് 13 ന് മതനിന്ദ ആരോപിച്ച് ഇസ്ലാം മത വിശ്വാസികളായ യുവാക്കളുടെ ഒരു സംഘം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയായ ഡെബോറ സാമുവലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു.
നൈജീരിയയുടെ ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉള്‍പ്പെടുന്നു. എന്നാല്‍ മതേതര നിയമങ്ങളെ ഇസ്ലാമിന് ഭീഷണിയായാണ് മുസ്ലീം സമുദായ നേതൃത്വം കാണുന്നത്. അതിനാല്‍ അവര്‍ അത് അനുസരിക്കാതെ അവഗണിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പാശ്ചാത്യ വിദ്യാഭ്യാസം ഇസ്ലാമിന്റെ ശത്രുവാണ്. അങ്ങനെ അവര്‍ നിലവിലെ ഭരണഘടനയും മതേതര നിയമങ്ങളും ഇസ്ലാമിന് കീഴ്പ്പെട്ടതായി കണക്കാക്കുകയും രാജ്യത്തിന്റെ നിയമങ്ങളെ അവര്‍ക്ക് തോന്നുന്നത് പോലെ അവഗണിക്കുകയും ചെയ്യുന്നു.
തങ്ങളുടെ മതം തങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച്, ആക്രമണങ്ങള്‍ നടത്തുന്നവരെ എതിര്‍ക്കാന്‍ ലോക മതനേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മതം ആയുധവല്‍ക്കരിക്കുന്നത് നമ്മുടെയെല്ലാം നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തുന്നു. മനുഷ്യരക്തം ചീന്തി ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ തങ്ങളെ ദൈവികമായി അയച്ചു എന്ന വ്യാമോഹത്തിലാണ് അവര്‍ - ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും നീതിയുക്തമായ ഒരു ലോകം ഉറപ്പാക്കാന്‍ മതനേതാക്കള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മതപരമായ വിവേചനം അവസാനിപ്പിക്കാനും രാജ്യത്തിന്റെ ഭരണഘടനകളെ സംരക്ഷിക്കാനും അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ച് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.