ഈ പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഒറ്റക്കാണോ?.. ഉത്തരം നല്‍കാന്‍ ഹോസെ ഗബ്രിയേല്‍ ഫ്യൂനെസ്

 ഈ പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഒറ്റക്കാണോ?.. ഉത്തരം നല്‍കാന്‍  ഹോസെ ഗബ്രിയേല്‍ ഫ്യൂനെസ്

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തേഴാം ഭാഗം.

പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഇന്നത്തെ ശാസ്ത്ര ലോകം ഉത്തരം നല്‍കാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണിത്. സമകാലീന ജ്യോതി ശാസ്ത്രജ്ഞര്‍ ഏറെ കൗതുകത്തോടും ജ്ഞാന തൃഷ്ണയോടും ഈ ചോദ്യത്തെ ഉപാസിക്കുന്നു.

ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പരിശ്രമിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് ഹോസെ ഗബ്രിയേല്‍ ഫ്യൂനെസ്. ഒരു ദശാബ്ദം മുമ്പ് അദ്ദേഹത്തെ നേരില്‍ കാണാനും സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു.

1963 ജനുവരി മാസം 31 ന് അര്‍ജന്റീനയിലെ കോര്‍ഡോബ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അസ്‌ട്രോണമിയില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഇറ്റലിയിലെ പാദുവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

kinematic properties of the ionized-gas component in their inner regions of disk galaxies എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധ വിഷയം. ഇതോടൊപ്പം തത്വശാസ്ത്രത്തില്‍ ഒരു ബിരുദം അര്‍ജന്റീനയിലെ സാല്‍വദോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്ര ബിരുദം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരഗതമാക്കി. ജെസ്യുട്ട് സഭയില്‍ ചേര്‍ന്ന അദ്ദേഹം 1995 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

ഹോസെ ഗബ്രിയേല്‍ ഫ്യൂനെസ് 2000 ല്‍ വത്തിക്കാന്റെ വാന നിരീക്ഷണ കേന്ദ്രത്തില്‍ നിരീക്ഷകനായി ചേര്‍ന്നു. 2006 ഓഗസ്റ്റ് 19 ന് അദ്ദേഹം വത്തിക്കാന്റെ വാന നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി. 2015 സെപ്റ്റംബര്‍ 18 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1985 മുതല്‍ പല പ്രശസ്തമായ ശാസ്ത്രീയ മാസികകളിലും അദ്ദേഹം തന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ ഇന്നും തന്റെ സ്തുത്യര്‍ഹമായ ശുശ്രൂഷ തുടരുന്ന അദ്ദേഹം ബഹിരാകാശത്ത് ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റു ജീവികളോട് സംവദിക്കാന്‍ മനുഷ്യനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Messaging Extraterrestrial Intelligence എന്ന സംഘടനയുടെ ഉപദേശകസമിതി അംഗവുമാണ്. Kinematics and dynamics of disk galaxies, the star formation in the local universe, and the relationship between gravitational interaction and galactic activity എന്നതൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങള്‍.

ഫ്യൂനെസിന് ആറു വയസുള്ളപ്പോള്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്നത് കാണാന്‍ ഇടയായത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഈ കാഴ്ച ജീവിതത്തില്‍ എന്നെങ്കിലും ചന്ദ്രനില്‍ പോകണമെന്നും അതിനായി നന്നായി പഠിക്കണമെന്നുമുള്ള വാശി അദ്ദേഹത്തില്‍ ജനിപ്പിച്ചു. ഈ വാശിയോടെയുള്ള പഠനം അദ്ദേഹത്തിന് ഉന്നത നിലകളിലേക്ക് കടന്നു വരാനുള്ള സാഹചര്യമൊരുക്കി.

നമ്മളോരോരുത്തരും ജീവിതത്തില്‍ ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണേണ്ടതിന്റെയും അതിനായി അശ്രാന്തം പരിശ്രമിക്കേണ്ടതിന്റെയും ആവശ്യകത മനസിലാക്കിത്തരുന്നതാണ് ഹോസെ ഗബ്രിയേല്‍ ഫ്യൂനെസിന്റെ ജീവിതം.

നാം അധിവസിക്കുന്ന ഭൂമിക്ക് പുറത്ത് ജീവനുള്ള മറ്റു ജീവികള്‍ - മനുഷ്യരെപ്പോലെ ഉള്ളവര്‍ ഉണ്ടോ എന്നതാണ് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന വിഷയം. intelligent extraterrestrials എന്ന ആശയം കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമല്ല എന്ന് 2008 ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവത്തിന് intelligent extraterrestrials നെ സൃഷ്ടിക്കാന്‍ സാധിക്കില്ല എന്ന ചിന്ത ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിനുള്ള കഴിവിന് പരിമിതി കല്‍പിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ദൈവത്തിന് സൃഷ്ടി നിര്‍വഹിക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ത്തന്നെ ദൈവം ഏതെല്ലാം ഗ്രഹങ്ങളില്‍ intelligent extraterrestrials നെ സൃഷ്ടിച്ചിട്ടുണ്ട് എന്നത് നമുക്ക് അജ്ഞാതമാണ് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2015 ല്‍ Kepler-452b എന്ന ഗ്രഹത്തിന്റെ കണ്ടുപിടുത്തത്തിന് മാസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി.

ഭൂമിക്കും 1400 പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള ഈ ഗ്രഹത്തില്‍ ഭൂമിക്ക് സമാനമായ അധിവാസ സാഹചര്യങ്ങളാണ് എന്നതാണ് ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന് ചോദിക്കാന്‍ പ്രേരണയായത്. 'അമേരിക്ക കണ്ടുപിടിക്കും വരെയും അമേരിക്ക എന്നൊന്ന് ഇല്ല എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അമേരിക്ക കണ്ടെത്തിയപ്പോള്‍ അത് വാസ്തവത്തില്‍ ഉണ്ടായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു. ഇതേപോലെ ദൈവവും നമ്മുടെ ബുദ്ധിക്കും ഗ്രഹണത്തിനും അപ്പുറമാണ്'- ഇതായിരുന്നു അന്ന് മാര്‍പാപ്പാ പറഞ്ഞ ഉത്തരം.

OTHER എന്ന സ്പാനിഷ് പ്രോജക്ടിന്റെ ഭാഗമാണ് ഹോസെ ഗബ്രിയേല്‍ ഫ്യൂനെസ്. Otros mundos, Tierra, Humanidad y Espacio Remoto (Other worlds, Earth, Humanity and Remote Space) എന്നതിന്റെ ചുരുക്കപ്പേരാണ് OTHER. എന്നാല്‍ ഈ വിധമുള്ള പഠനങ്ങള്‍ നടത്തുമ്പോള്‍ അതൊരിക്കലും അന്ധ വിശ്വാസങ്ങളോ മിത്തോ സ്യൂഡോ സയന്‍സോ അടിസ്ഥാനപ്പെടുത്തിയാകരുത്, മറിച്ച് സത്യത്തെയും ശാസ്ത്രീയമായ രീതിയും അടിസ്ഥാനപ്പെടുത്തിയാകണം എന്ന് അദ്ദേഹം ഉറച്ചു പറയുന്നു.

മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാധ്യതയെ ശാസ്ത്രീയമായി അറിയാന്‍് പരിശ്രമിക്കുമ്പോഴും ഈശോമിശിഹായുടെ മനുഷ്യാവതാരം എന്നത് ഒരു അനന്യമായ സംഭവമാണെന്നും അത് മറ്റൊരിടത്തും അവര്‍ത്തിക്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ഉറപ്പിക്കുന്നു.

മതപരമായോ വിശ്വാസപരമായോ അദ്ദേഹത്തിന്റെ പഠനങ്ങള്‍ നേരിടാവുന്ന എതിര്‍പ്പുകളെ ഇത്തരത്തില്‍ അദ്ദേഹം മറികടക്കുന്നു. പരമ്പരാഗത ശാസ്ത്രീയ അറിവുകള്‍ക്കും നിരീക്ഷണ മേഖലകള്‍ക്കും അപ്പുറം സഞ്ചരിക്കാനുള്ള വലിയ പ്രേരണയാണ് ഹോസെ ഗബ്രിയേല്‍ ഫ്യൂനെസിന്റെ ജീവിതം നമുക്ക് പകര്‍ന്നു നല്‍കുന്നത്.

https://cnewslive.com/news/36576/william-meissner-a-priestly-psychologist-who-understood-man-jj


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.