ഡാളസ് ഡയനാമോസ് നാൽപ്പതാം വാർഷിക ടൂർണമെന്റ് വിജയകരം; ന്യൂയോർക്ക്, ഡയനാമോസ് എന്നിവർ ചാമ്പ്യന്മാർ

ഡാളസ് ഡയനാമോസ് നാൽപ്പതാം വാർഷിക ടൂർണമെന്റ്  വിജയകരം; ന്യൂയോർക്ക്,  ഡയനാമോസ്  എന്നിവർ ചാമ്പ്യന്മാർ

ഡാളസ്: അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ
നാൽപ്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ സമാന്തരമായി സംഘടിപ്പിച്ച ഓപ്പൺ ഡിവിഷനിലും, ഓവർ 35 ഡിവിഷനിലും അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്തു.

ഓപ്പൺ ഡിവിഷൻ: ന്യൂയോർക്ക് എഫ്‌സി ചാമ്പ്യന്മാർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് അപ്പ്
ഓപ്പൺ കാറ്റഗറിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ന്യൂയോർക്ക് എഫ്‌സി ചാംപ്യൻഷിപ് ട്രോഫി നേടി. ഹൂസ്റ്റൺ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി), ഡാളസ് ഡയനാമോസ് എന്നിവർ സെമി വരെയെത്തി പുറത്തായി. 

ഡാളസ് ഡയനാമോസ് ഓവർ 35 ഡിവിഷൻ ചാമ്പ്യന്മാർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് അപ്പ്.

ആതിഥേയരും പരിചയ സമ്പന്നരുമായ ഡാളസ് ഡയനാമോസ് ടീം ഓവർ 35 ഡിവിഷനിൽ മികച്ച കളി പുറത്തെടുത്ത് ചാമ്പ്യൻഷിപ്പ് ട്രോഫി നേടി. ഹൂസ്റ്റൺ യുണൈറ്റഡ് ഫുട്ബോൾ ക്ലബിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ഇരു ഡിവിഷനിലും ക്ലിഫ് ഫിലിസ് നയിച്ച ഹൂസ്റ്റൺ യുണൈറ്റഡിന്റെ ടീം ഫൈനലിലെത്തിയെന്നതും പ്രത്യേകതയായി. എഫ്സിസി, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ പുറത്തായി.

സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജ്, റോക്ക് വാൾ സിറ്റി പ്രോ ടെം മേയർ ട്രേസ് ജോഹാൻസൺ എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സീനിയർ താരവും ക്ലബ് സ്‌ഥാപകരിലൊരാളുമായ എബ്രഹാം മാത്യു (കുഞ്ഞുമോൻ), സ്‌ഥാപകരിലൊരാളായ മാറ്റ് ജേക്കബ് തുടങ്ങിവർ ചേർന്ന് സമാപന ദിനത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്കും സ്പോൺസേഴ്‌സിനുമുള്ള ട്രോഫികൾ വിതരണം ചെയ്തു. ക്ലബിന്റെ തുടക്കക്കാരായ ഇരുപത്തിനാലു കളിക്കാരുടെയും പേരുകൾ ആലേഖനം ചെയ്ത ഫലകം
മുതിർന്ന കളിക്കാർക്ക് ചടങ്ങിൽ നൽകി ആദരിക്കുകയുണ്ടായി. 

അനിൽ ജേക്കബ്, ടൈറ്റസ് വർഗീസ്, ബിനു തോമസ്, മാറ്റ് ജേക്കബ്, യൂജിൻ ജി എന്നിവരടങ്ങുന്നതായിരുന്നു
വിജയകരമായി സമാപിച്ച ടൂർണമെന്റിന്റെ സംഘാടക കമ്മിറ്റി. മാറ്റ് ജേക്കബ് ആണ് ടീമിന്റെ കോച്ച്. 1976 ലായിരുന്നു ഡാളസിലെ ആദ്യകാല മലയാളികൾ ചേർന്ന് ക്ലബ് രൂപീകരിച്ചത്. നാലപ്പതു വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഡാളസ് ഡയനാമോസ് മലയാളി ക്ലബിൽ ഇപ്പോൾ മൂന്നു തലമുറയിലെ കളിക്കാർ അണിനിരക്കുന്നതും കാൽപ്പന്തു കളിയോടുള്ള മുതിർന്ന തലമുറയുടെ ആവേശം കൊണ്ട് മാത്രം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.