ആദ്യ കത്തിന് മറുപടി കിട്ടാത്തതിനാല്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു; പുറത്തു വന്നത് രണ്ടാമത്തെ കത്ത്

ആദ്യ കത്തിന് മറുപടി കിട്ടാത്തതിനാല്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു; പുറത്തു വന്നത് രണ്ടാമത്തെ കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ആരോഗ്യ മേഖലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 295 താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതെന്ന പേരില്‍ പുറത്തുവന്നത് രണ്ടാമത്തെ കത്ത്. ആദ്യ കത്തിന് മറുപടി കിട്ടാതിരുന്നതോടെ ഇന്റര്‍വ്യൂ മാറ്റിവച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ കത്തും നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു തന്നെയാണ് ഇരു കത്തുകളും നല്‍കിയത്. 

ഒക്ടോബര്‍ 17-നാണ് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് ആദ്യ കത്ത് കോര്‍പറേഷന്‍ നല്‍കുന്നത്. ഇതിനു മുന്‍പു തന്നെ കോര്‍പ്പറേഷന്‍ അധികൃതര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിവരം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിയമനപ്പട്ടിക ആവശ്യപ്പെട്ടു. പല ഏരിയാ കമ്മിറ്റികളില്‍ നിന്ന് ശുപാര്‍ശ വാങ്ങി ജില്ലാ കമ്മിറ്റി സൂക്ഷിച്ചു. നവംബര്‍ മൂന്നു മുതല്‍ 10 വരെയാണ് ആദ്യം അഭിമുഖം നിശ്ചയിച്ചത്. 31 വരെയും പാര്‍ട്ടിയില്‍ നിന്നുള്ള പട്ടിക കിട്ടാതെ വന്നതോടെ അഭിമുഖം 21 മുതല്‍ 28 വരെയാക്കി പുനക്രമീകരിച്ചു.

ജില്ലാ നേതൃത്വത്തിലെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് പട്ടിക വൈകാന്‍ കാരണമെന്നാണ് സംശയം. ഇതോടെയാണ് ഔദ്യോഗിക പരിവേഷം നല്‍കി രണ്ടാമത്തെ കത്ത് തയ്യാറാക്കിയത്. ഈ കത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. കത്ത് താന്‍ തയാറാക്കിയതെല്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും വ്യാജമാണെന്ന് ഉറപ്പിച്ചില്ല.

മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഒരുപ്രമുഖന്‍ നവംബര്‍ ഒന്ന് തീയതിവെച്ച് പുതിയ കത്ത് തയ്യാറാക്കിയെന്നാണ് സൂചന. ഇതുകൊണ്ടാണ് ഇപ്പോഴും കത്ത് വ്യാജമാണെന്ന് സിപിഎമ്മോ മേയറോ ഉറപ്പിച്ചുപറയാത്തത്. ഇതേ കത്തിനൊപ്പം നിയമനത്തിന് പാര്‍ട്ടി തയാറാക്കിയവരുടെ പേരുള്‍പ്പെട്ട ഒരുഭാഗം കൂടിയുണ്ടായിരുന്നെന്നും സൂചനയുണ്ട്.

അതേസമയം കത്ത് വിവാദമാക്കിയതിനു പിന്നില്‍ പുതിയ ജില്ലാ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനം ആനാവൂര്‍ നാഗപ്പന്‍ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഒരു പ്രമുഖ നേതാവിന് തന്റെ അടുത്ത അനുയായിയായ യുവനേതാവിനെ ജില്ലാ സെക്രട്ടറിയാക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, ജില്ലാ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കാര്‍ക്കും ഇതിനോട് താത്പര്യമില്ല. മുതിര്‍ന്ന മറ്റൊരു നേതാവിനെ ജില്ലാ സെക്രട്ടറിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. 

അതേസമയം സംസ്ഥാനനേതൃത്വത്തിന്റെ മനസിലുള്ളത് മറ്റൊരു യുവനേതാവാണ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങളില്ലെങ്കിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജനപ്രതിനിധിയായ ഒരു പ്രമുഖനേതാവിന്റെ അടുത്ത അനുയായിയാണ് കോര്‍പ്പറേഷനിലെ കത്ത് വിഷയത്തില്‍ ആരോപണവിധേയനായ നേതാവ്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ഏരിയാ നേതാക്കളാണ് നിയമനത്തിന് കൂടുതല്‍ പേരുകള്‍ നല്‍കിയതെന്നാണ് സൂചന. 

എന്നാല്‍, ഈ പേരുകളില്‍ പലതും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല ചില ഏരിയകളില്‍നിന്ന് ഒട്ടേറെ പേരുകളും നല്‍കിയെന്നാണ് വിവരം. തര്‍ക്കമുണ്ടായതോടെ പട്ടിക കോര്‍പ്പറേഷന് കൈമാറാതെ പിടിച്ചുവെക്കുകയായിരുന്നു. ഇതോടെയാണ് വിവാദമായ പുതിയ കത്ത് തയ്യാറാക്കിയത്.

അതേസമയം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡി.ആര്‍. അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. 

എന്നാല്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.