കോഴിക്കോടിന് പിന്നാലെ വര്‍ക്കലയിലും കടല്‍ ഉള്‍വലിഞ്ഞു; പിന്നോട്ടു പോയത് 50 മീറ്ററോളം

കോഴിക്കോടിന് പിന്നാലെ വര്‍ക്കലയിലും കടല്‍ ഉള്‍വലിഞ്ഞു; പിന്നോട്ടു പോയത് 50 മീറ്ററോളം

തിരുവനന്തപുരം: കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞതിന് പിന്നാലെ വര്‍ക്കലയിലും സമാനമായ പ്രതിഭാസം. പാപനാശം ബീച്ചില്‍ കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.

പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്‍കോയിസ് വ്യക്തമാക്കി.

അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ ഇല്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യന്‍ തീരത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല.

കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഈ സമയങ്ങളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്നും ഇന്‍കോയിസ് വ്യക്തമാക്കി.

കോഴിക്കോട് നൈംനാം വളപ്പിലാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞത്. ഇവിടെയും 50 മീറ്ററോളം കടല്‍ പുറകോട്ട് പോയി. രണ്ടു ദിവസത്തോളം എടുത്താണ് കടല്‍ സാധാരണ നിലയിലേക്ക് വന്നത്. 24 മണിക്കൂറോളം തിരമാലകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു.

കേരളത്തില്‍ കടല്‍ ഉള്‍വലിയല്‍ പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം നടത്തുമെന്ന് ഇന്‍കോയിസ് അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങളുള്‍പ്പെടെ ലഭ്യമാകുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക പഠനമാണ് നടത്തുക. ആറ് വര്‍ഷം മുമ്പ് കൊല്ലത്തും സമാന പ്രതിഭാസം ഉണ്ടായിരുന്നു.

വേലിയേറ്റ സമയത്തെ തിരമാലകളുടെ കൂട്ടിമുട്ടലുകളിലൂടെ ഇത്തരം ഉള്‍വലിയലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഇന്‍കോയിസിലെ ശസ്ത്രജ്ഞനും എആര്‍ഒ ആന്‍ഡ് എംഡിഎ ഡിവിഷന്‍ തലവനുമായ ഡോ. സുധീര്‍ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.