ന്യൂസിലാന്റിനെ തകര്‍ത്ത് പാകിസ്ഥാൻ ഫൈനലില്‍; ഇന്ത്യാ-പാക്ക് സ്വപ്ന ഫൈനല്‍ വരുമോ?

ന്യൂസിലാന്റിനെ തകര്‍ത്ത് പാകിസ്ഥാൻ ഫൈനലില്‍; ഇന്ത്യാ-പാക്ക് സ്വപ്ന ഫൈനല്‍ വരുമോ?

സിഡ്‌നി: ടി20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്ഥാൻ. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമും പാകിസ്താന്റെ വിജയ ശില്പികളായി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 

പാകിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും തകര്‍പ്പന്‍ തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. 11 ാം ഓവറില്‍ ബാബര്‍ അസം അര്‍ധസെഞ്ചുറി നേടി. 38 പന്തുകളില്‍ നിന്നായിരുന്നു അര്‍ധസെഞ്ചുറി. 

അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ ബാബര്‍ പുറത്തായി. ബോള്‍ട്ടിന്റെ പന്തില്‍ സിക്‌സടിക്കാനുള്ള ബാബറിന്റെ ശ്രമം ഡാരില്‍ മിച്ചലിന്റെ കൈയ്യില്‍ അവസാനിച്ചു. 42 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത്. ബാബറിന് പകരം മുഹമ്മദ് ഹാരിസാണ് ക്രീസിലെത്തിയത്.

പിന്നാലെ റിസ്വാനും അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നാണ് റിസ്വാന്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. എന്നാല്‍ സ്‌കോര്‍ 132 ല്‍ നില്‍ക്കേ റിസ്വാനെ ബോള്‍ട്ട് പുറത്താക്കി. 43 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്താണ് റിസ്വാന്‍ ക്രീസ് വിട്ടത്.

റിസ്വാന്‍ മടങ്ങിയ ശേഷം ഹാരിസ് ഒരു സിക്‌സും ഫോറുമടിച്ച് സമ്മര്‍ദം കുറച്ചു. എന്നാല്‍ 19ാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. എന്നാല്‍ 20ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദും ചേര്‍ന്ന് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിനെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഡാരില്‍ മിച്ചല്‍ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറി നേടിയ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ പാകിസ്ഥാന്റെ  എതിരാളിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.