'പതിനാറ് ആഴ്ചത്തെ അടിസ്ഥാന ശമ്പളം, കുടുംബത്തിനും ആരോഗ്യ ഇന്‍ഷൂറന്‍സ്'; പുറത്താക്കപ്പെടുന്നവര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാഗ്ദാനങ്ങള്‍

'പതിനാറ് ആഴ്ചത്തെ അടിസ്ഥാന ശമ്പളം, കുടുംബത്തിനും ആരോഗ്യ ഇന്‍ഷൂറന്‍സ്'; പുറത്താക്കപ്പെടുന്നവര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാഗ്ദാനങ്ങള്‍

മ്യൂണിക്: ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ജോലിക്കാര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വര്‍ഷത്തിലും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

പിരിച്ചുവിടപ്പെടുന്നതോടെ അമേരിക്കയില്‍ തൊഴില്‍ വിസയില്‍ താമസിച്ചു വരുന്ന തങ്ങളുടെ ജോലിക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സക്കര്‍ബര്‍ഗ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇവര്‍ക്കും കുടുംബത്തിനും ആറുമാസത്തെ ആരോഗ്യ ഇന്‍ഷൂറന്‍സും നല്‍കും. അമേരിക്കയ്ക്ക് പുറത്തുള്ള ജോലിക്കാര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാകും.

പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനി ഭാഗത്തു നിന്ന് ഔദ്യോഗികമായ ഇ-മെയില്‍ സന്ദേശം ഉടനെയെത്തും. ഇതുസംബന്ധിച്ച സംശയ നിവൃത്തിക്കും അന്വേഷണങ്ങള്‍ക്കും അവസരം നല്‍കും. നിലവില്‍ പിരിച്ചു വിടാന്‍ തീരുമാനിച്ച എല്ലാവര്‍ക്കും കമ്പനിയുടെ നെറ്റ് വര്‍ക്ക് സിസ്റ്റത്തിലേക്ക് ഇനി പ്രവേശിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് കമ്പനിയുമായി ഇ മെയില്‍ വഴി മാത്രമാണ് തുടര്‍ന്ന് ബന്ധപ്പെടാനാവുകയെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

പതിമൂന്ന് ശതമാനം ജീവനക്കാരെയാണ് മെറ്റയില്‍ നിന്ന് പിരിച്ചു വിടുന്നത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെയെല്ലാം കൂട്ടപ്പിരിച്ചുവിടല്‍ ബാധിക്കും. അതേസമയം പിരിച്ചുവിടലിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് സക്കര്‍ബര്‍ഗ് ഏറ്റുപറഞ്ഞു.

'കമ്പനി ഈ വിധത്തിലായതിന്റെയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിന്റെയുമെല്ലാം ഉത്തരവാദിത്വം ഞാനേറ്റെടുക്കുകയാണ്. എല്ലാവരെയും ഇത് വളരെക്കൂടുതലായി ബാധിച്ചിട്ടുന്ന് എനിക്കറിയാം. അവരോടൊക്കെ ഞാന്‍ മാപ്പ് ചോദിക്കുകയാണ്'- ബ്ലോഗ് പോസ്റ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കുറിച്ചു. കോവിഡിനു പിന്നാലെ ടെക്ക് കമ്പനികളെയാകെ പൊടുന്നനെ പിടികൂടിയ പ്രതിസന്ധിയാണ് ഈ പരിതാപകരമായ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.