അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയ സിറിയന്‍ അഭയാര്‍ഥിക്ക് 17 വര്‍ഷം തടവ്; കോടതിയില്‍ സഭയോട് മാപ്പ് ചോദിച്ച് പ്രതി

അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയ സിറിയന്‍ അഭയാര്‍ഥിക്ക് 17 വര്‍ഷം തടവ്; കോടതിയില്‍ സഭയോട് മാപ്പ് ചോദിച്ച് പ്രതി

വാഷിങ്ടണ്‍: അമേരിക്കന്‍ നഗരമായ പിറ്റ്‌സ്ബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി കേസില്‍ സിറിയന്‍ അഭയാര്‍ഥിയും ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവിയുമായ യുവാവിന് 17 വര്‍ഷം തടവുശിക്ഷ. മുസ്തഫ മൗസബിനാണ് (24) നാണ് യു.എസ് കോടതി ശിക്ഷ വിധിച്ചത്.

സിറിയയില്‍ ജനിച്ച മുസ്തഫ 2016-ലാണ് അമേരിക്കയില്‍ എത്തിയത്. 2019-ല്‍ പിറ്റ്‌സ്ബര്‍ഗ് നോര്‍ത്ത് സൈഡിലുള്ള ലെഗസി ഇന്റര്‍നാഷണല്‍ ആരാധനാലയത്തിലാണ് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ച, എഫ്.ബി.ഐയുടെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ അണ്ടര്‍ കവര്‍ ഓഫിസറാണു യുവാവിനെ കുടുക്കിയത്. ഭീകരാക്രമണം നടത്തുന്നതിന് അണ്ടര്‍ കവര്‍ ഓഫിസറുമായി പ്രതി ചര്‍ച്ചകള്‍ നടത്തി.

സ്ഫോടകവസ്തുക്കള്‍ എങ്ങനെ നിര്‍മിക്കാമെന്നും ഉപയോഗിക്കാമെന്നതും സംബന്ധിച്ച് ഐ.എസ് അനുഭാവിയായി വേഷമിട്ട എഫ്.ബി.ഐ ഏജന്റിന് മുസ്തഫ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നൈജീരിയയില്‍ ഐ.എസിനെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് പള്ളി ആക്രമിക്കാന്‍ പദ്ധതിയിട്ടത്.

ജിഹാദിന് പിന്തുണ ലഭിക്കുന്നതിന് സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്താനും ഐ.എസ് ലീഡര്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താന്‍ പ്രതിജ്ഞയെടുത്ത വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ യുവാവ് തീരുമാനിച്ചിരുന്നതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പള്ളി എങ്ങനെ ബോംബ് വച്ചു തകര്‍ക്കാം എന്ന വിശദീകരിക്കുന്ന പത്തു പേജുള്ള കൈ കൊണ്ടു എഴുതിയ രേഖകളും ഈ യുവാവില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

ശിക്ഷ വിധിച്ച സമയത്ത് പ്രതി സഭാംഗങ്ങളോടും സമൂഹത്തോടും സര്‍ക്കാരിനോടും മാപ്പു പറഞ്ഞു. 'എന്റെ കുറ്റകൃത്യത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇപ്പോള്‍ ഞാന്‍ ഐ.എസിനെ പിന്തുണയ്ക്കുന്നില്ല' - മുസ്തഫ പറഞ്ഞു.

'തീവ്രവാദ ഭീഷണികളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനാണ് ദേശീയ സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ വേരോട്ടമുള്ള മണ്ണായി യുഎസിനെ മാറ്റിയെടുക്കുന്നതിനും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനും എതിരേ തങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദേശീയ സുരക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ മാത്യു ജി. ഓള്‍സെന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.