കാബൂള്‍: സ്ത്രീ വിരുദ്ധ നടപടികളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിലക്കുന്നത് തുടര്‍ന്ന് താലിബാന്‍. അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കിയതിന് പിന്നാലെ ജിമ്മുകളുടെ വാതിലും സ്ത്രീകള്‍ക്ക് നേരെ കൊട്ടിയടയ്ക്കാന്‍ ശാസന നല്‍കിയിരിക്കുകയാണ് താലിബാന്‍. 2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു താലിബാന്‍ ഭരണം ആരംഭിച്ചത്. രാജ്യം പിടിച്ചടക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും ഭരണം തുടങ്ങിയപ്പോള്‍ താലിബാന്‍ നടപ്പാക്കിയില്ല.
പെണ്‍കുട്ടികളെ മിഡില്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂളില്‍ നിന്നും വിലക്കി. മിക്ക തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകളെ വിലക്കി. പൊതു സ്ഥലത്ത് തല മുതല്‍ കാല്‍ വരെ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കി. ഇങ്ങനെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷവും മൂന്ന് മാസത്തിനുമകം സ്ത്രീകള്‍ ഇരകളായത്. ഇനിയും സ്ത്രീകള്‍ക്ക് നേരെയുള്ള താലിബാന്റെ വിലക്ക് അവസാനിച്ചിട്ടില്ല എന്നതാണ് പുതിയ നിയന്ത്രണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഉത്തരവിന് പിന്നാലെ ബുധനാഴ്ച കാബൂളിലെ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പേരക്കുട്ടികള്‍ക്കൊപ്പം പാര്‍ക്കിലുണ്ടായിരുന്ന സ്ത്രീകളെ ഉള്‍പ്പെടെയാണ് തിരിച്ചയച്ചത്.
ജനങ്ങള്‍ ലിംഗ വേര്‍തിരിവ് അവഗണിക്കുന്നതിനാലും ഹിജാബും ശിരോവസ്ത്രവും ധരിക്കാതെയാണ് സ്ത്രീകള്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നതെന്നും കാണിച്ചാണ് നിരോധനമെന്നാണ് താലിബാന്റെ അവകാശവാദം.
'സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് പാര്‍ക്കുകളും ജിമ്മുകളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞ 15 മാസമായി താലിബാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഉത്തരവുകള്‍ അനുസരിക്കാതെ, നിയമങ്ങള്‍ ലംഘിച്ചു. ഇതേത്തുടര്‍ന്നാണ് സ്ത്രീകളെ മാത്രം ജിമ്മില്‍ നിന്നും പാര്‍ക്കില്‍ നിന്നും വിലക്കാനുള്ള തീരുമാനമെടുക്കേണ്ടി വന്നതെന്ന് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് മന്ത്രാലയം വക്താവ് മുഹമ്മദ് അകെഫ് മൊഹാജെര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.