വാഷിങ്ടണ്‍: നയതന്ത്ര തലത്തിലുള്ള ഭിന്നതകള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ബൈഡന്‍ തന്നെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബൈഡന്‍ പ്രസിഡന്റായതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളുടെ നേതാക്കള്‍ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാവും ഇത്. തായ്‌വാന്റെ സ്വയംഭരണത്തെച്ചൊല്ലിയുള്ള സംഘര്‍ഷം, വ്യാപാരനയം, ചൈനയുടെ റഷ്യയോടുള്ള സമീപനം തുടങ്ങിയവ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബൈഡനും ഷീയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ജി 20 ഉച്ചകോടി നടക്കുന്ന ഇന്തോനേഷ്യയിലെ ബാലി വേദിയാകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ താല്‍പര്യങ്ങള്‍ പരസ്പരം മനസിലാക്കുകയും വഷളായ ബന്ധം പുനസ്ഥാപിക്കുകയുമാണ് കൂടിക്കാഴ്ച്ച കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന സൂചനയും ബൈഡന്‍ നല്‍കിയിട്ടുണ്ട്. അതേസമയം കൂടിക്കാഴ്ച്ചയില്‍ സംയുക്ത പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. 
ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യയ്ക്കുള്ള ചൈനീസ് പിന്തുണ, 
ഉയിഗര്‍ വംശജശര്‍ക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കും എതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍, ഹോങ്കോങ്ങിലെ ജനാധിപത്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലുകള്‍, നിര്‍ബന്ധിത വ്യാപാര സമ്പ്രദായങ്ങള്‍, തായ്വാനെതിരെയുള്ള സൈനിക പ്രകോപനങ്ങള്‍ എന്നിവയെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ ഷിയുമായി ബൈഡന്‍ ചര്‍ച്ച ചെയ്‌തേക്കും.
പ്രകോപനപരമായ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് പിന്മാറാനും ആണവായുധ പദ്ധതി ഉപേക്ഷിക്കാനും ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചൈന ശ്രമിക്കുന്നില്ലെന്ന അമേരിക്കയുടെ നിരാശ ബൈഡന്‍ പങ്കുവച്ചേക്കും.
തായ്വാന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെതിരെ ഷീ രംഗത്തെത്തിയിരുന്നു. തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ തായ്‌വാന്റെ സ്വയംഭരണാവകാശത്തിന് പിന്തുണകൊടുക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി ആഗസ്റ്റില്‍ തായ്വാന്‍ സന്ദര്‍ശിച്ചതോടെയാണ് ചൈന തായ്വാന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്. 
നേരത്തെ ബൈഡനും ഷിയും മുമ്പ് ഒരുമിച്ച് യാത്ര ചെയ്യുകയും ബൈഡന്‍ പ്രസിഡന്റായതിനുശേഷം ഫോണ്‍, വീഡിയോ കോളുകള്‍ മുഖേന ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. നേരിട്ടുള്ള കൂടിക്കാഴ്ച ക്രമീകരിക്കുന്നതിനായി വൈറ്റ് ഹൗസ് ചൈനീസ് ഉദ്യോഗസ്ഥരുമായി ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 
'ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമാണെന്നു താന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഷിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ അതൊരു പോസിറ്റീവ് സമീപനമായിരിക്കുമെന്ന് അല്‍ബനീസി പറഞ്ഞു.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പങ്കെടുക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.