'സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'; ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പിനോട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ

'സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'; ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പിനോട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: 'സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് തുടരുന്നു' പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ പറഞ്ഞു.

തന്നെ ബിഷപ്പായും ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തിയ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ കാണാനെത്തിയതായിരുന്നു ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. വത്തിക്കാനിലെ 'മാത്തര്‍ എക്ലേസിയ' ആശ്രമത്തില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിയുകയാണ് പരിശുദ്ധ പിതാവ്.

യുദ്ധക്കെടുതികളില്‍ വലയുന്ന ഉക്രെയ്ന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചപ്പോഴാണ് 'ഉക്രെയ്‌ന്റെ സമാധാനത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന്' പ്രായത്തിന്റെ അവശതകള്‍ക്കിടയിലും എമിരിറ്റസ് പാപ്പ പറഞ്ഞത്.

ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ ഉക്രെയ്‌നിലേക്ക് ബെനഡിക്ട് പതിനാറാമന്‍ എഴുതിയ കത്തിന് ആര്‍ച്ച് ബിഷപ്പ് നന്ദി പറഞ്ഞു. ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബെനഡിക്റ്റ് പാപ്പാ പറഞ്ഞു. ഉക്രെയ്‌നിയന്‍ ജനതയുടെ ദുരിതങ്ങളില്‍ എമിരിറ്റസ് പാപ്പ വലിയ ദുഃഖം പങ്കുവയ്ക്കുകയും സമാധാനം പുലരാന്‍ താന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

''പ്രാര്‍ത്ഥനയുടെ ശക്തി മാത്രമാണ് ഉക്രെയ്ന്‍ ജനതയെ ജീവനോടെ നിലനിര്‍ത്തുന്നത്. അതിനാല്‍ ഉക്രെയ്‌നായി പ്രാര്‍ത്ഥിക്കുന്നതു തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായാണ് 2009 ജനുവരി 14- ന് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ ബിഷപ്പായി നിയമിച്ചത്. 2011 മാര്‍ച്ച് 25-ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ തിരഞ്ഞെടുത്തത് സ്ഥിരീകരിച്ചതും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായാണ്. ഇരുവരും തമ്മില്‍ ഏറെ അടുത്ത ബന്ധമുണ്ട്.

ഫെബ്രുവരി 24-ന് റഷ്യ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് ആര്‍ച്ച് ബിഷപ്പ് തന്റെ രാജ്യം വിട്ടു പുറത്തുപോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.