ഓസ്‌ട്രേലിയന്‍ നിരത്തുകള്‍ക്ക് ആത്മീയ തേജസ് പകര്‍ന്ന് 'എല്‍ ഷദ്ദായി' മൊബൈല്‍ ബുക്ക് സ്റ്റാളും 'മാറാനാത്ത' വാഹനവും

ഓസ്‌ട്രേലിയന്‍ നിരത്തുകള്‍ക്ക് ആത്മീയ തേജസ് പകര്‍ന്ന് 'എല്‍ ഷദ്ദായി' മൊബൈല്‍ ബുക്ക് സ്റ്റാളും 'മാറാനാത്ത' വാഹനവും

ഓസ്‌ട്രേലിയന്‍ നിരത്തുകളില്‍ ആത്മീയ തേജസ് പകര്‍ന്ന് ഈശോയുടെ സ്വര്‍ഗീയ കരുണയുടെ ചിത്രം വഹിക്കുന്ന 'മാറാനാത്ത' വാഹനവും 'എല്‍ ഷദ്ദായി' എന്ന പേരിലുള്ള മൊബൈല്‍ ബുക്ക് സ്റ്റാളും യാത്ര തുടരുന്നു. അനോയിന്റിങ് ഫയര്‍ കാത്തലിക് മിനിസ്ട്രി (അഭിഷേകാഗ്നി) ഓസ്‌ട്രേലിയ ചാപ്റ്ററിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഇതിനോടകം ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളില്‍ പ്രയാണം നടത്തിക്കഴിഞ്ഞു.

വിശുദ്ധ ബൈബിളും പ്രാര്‍ത്ഥനാ പുസ്തകങ്ങളുമാണ് ഒരു വാഹനത്തിലുള്ളത്. ഈശോയുടെ രണ്ടാം വരവിനായി ഓസ്‌ട്രേലിയയെ ഒരുക്കുക എന്ന ദൗത്യത്തോടെയാണ് 'മാറാനാത്ത' വാഹനത്തിന്റെ പ്രയാണം.


'മാറാനാത്ത' വാഹനം

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളായ ടാസ്മാനിയ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, ക്വീന്‍സ് ലാന്‍ഡ്, വിക്‌ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയിലും വാഹനങ്ങള്‍ പര്യടനം നടത്തി. ഇനി നോര്‍ത്തേണ്‍ ടെറിട്ടറി മാത്രമാണ് അവശേഷിക്കുന്നത്. ശ്രദ്ധയമായ ഡിസൈനില്‍ രൂപകല്‍പന ചെയ്ത വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി ഒരുമിച്ചാണു സഞ്ചരിക്കുന്നത്.


'എല്‍ ഷദ്ദായി' എന്ന പേരിലുള്ള മൊബൈല്‍ ബുക്ക് സ്റ്റാള്‍

ജൂലൈയില്‍ ആരംഭിച്ച യാത്ര ചെറിയ കാലയളവിലാണ് ഇത്രയധികം ദൂരം സഞ്ചരിച്ചത്. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് യാത്ര ആശീര്‍വദിച്ചത്.

എ.എഫ്.സി.എം ഓസ്ട്രേലിയയുടെ പല കമ്യൂണിറ്റികളും വാഹനങ്ങള്‍ ഏറ്റെടുത്ത് അവര്‍ താമസിക്കുന്ന നഗരങ്ങളിലൂടെ യാത്ര നടത്തിയിരുന്നു. വലിയ പ്രതികരണമാണ് ഭക്തിപൂര്‍ണമായ യാത്രയ്ക്ക് വിശ്വാസികളില്‍നിന്നു ലഭിക്കുന്നത്. ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബൈബിളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും ജപമാലയും കുരിശു രൂപങ്ങളുമൊക്കെ നല്‍കുന്നുണ്ട്.

എ.എഫ്.സി.എം ഓസ്ട്രേലിയ നാഷണല്‍ കോര്‍ഡിനേറ്റര്‍ സജി മാത്യു, സ്ട്രീറ്റ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ജിന്‍സ് മാത്യു എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26