പ്രശസ്ത യഹൂദ സിനിമ താരം കത്തോലിക്ക വിശ്വാസത്തിലേക്ക്; മാതാവിനോടുള്ള ഇഷ്ടക്കൂടുതൽ തീരുമാനത്തിൽ പ്രധാന പങ്ക് വഹിച്ചതായി താരം

പ്രശസ്ത യഹൂദ സിനിമ താരം കത്തോലിക്ക വിശ്വാസത്തിലേക്ക്; മാതാവിനോടുള്ള ഇഷ്ടക്കൂടുതൽ തീരുമാനത്തിൽ പ്രധാന പങ്ക് വഹിച്ചതായി താരം

പാരീസ്: ലോകം മുഴുവനും പ്രത്യേകിച്ച് ഫ്രാൻസ്, മൊറോക്കോ, അമേരിക്ക എന്നിവിടങ്ങളിലും പ്രശസ്തി നേടിയ പ്രമുഖ ഹാസ്യ താരവും യഹൂദനുമായ ഗാഡ് എൽമലേ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. തന്റെ തീരുമാനത്തിന് പിന്നിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചത് പരിശുദ്ധ കന്യകാമറിയമാണെന്ന് താരം പറയുന്നു.

കത്തോലിക്ക സഭയിലേക്ക് ഗാഡ് എൽമലേ നടത്തിയ യാത്ര വിവരിക്കുന്ന 'റെസ്റ്റെ ഉൻ പിയു' (അൽപ്പസമയം നിൽക്കുക) എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാമ്മോദിസ സ്വീകരിക്കുന്ന വേളയില്‍ ജിയാൻ മേരി എന്ന പേരായിരിക്കും അദ്ദേഹം സ്വീകരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'എൽ മുണ്ടോ' റിപ്പോർട്ട് ചെയ്തു. പാരീസിൽ വെച്ച് 51 കാരനായ എൽമലേ ദൈവശാസ്ത്രം പഠിക്കുകയും ചെയ്തിരുന്നു.

പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചതെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽമലേ വെളിപ്പെടുത്തി. നിലവില്‍ ഫ്രാൻസില്‍ ജീവിക്കുന്ന അദ്ദേഹം, ഭൂരിപക്ഷം കത്തോലിക്കരും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ തയ്യാറാകാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചു.

അദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് മകൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിൽ സന്തോഷം ഇല്ലെങ്കിലും, മകന് പിന്തുണ നൽകുന്നതിൽ അവർ വിമുഖത കാട്ടുന്നില്ല. ചെറിയ പ്രായത്തിൽ മൊറോക്കോയിലെ കാസബ്ലാങ്കയിൽ ദൈവമാതാവിന്റെ ചിത്രം കണ്ടത് എൽമലേ അഭിമുഖത്തിൽ സ്മരിച്ചു.

ക്രൈസ്തവ വിശ്വാസത്തോടും, ദേവാലയങ്ങളോടും എതിര്‍പ്പ് നിലനിന്നിരുന്ന സമയമായിരിന്നു അത്. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവേശിക്കുന്നത് പാപമാണെന്ന് പറഞ്ഞ് വിലക്കുണ്ടായിരുന്നുവെങ്കിലും, ആറാമത്തെയോ, ഏഴാമത്തെയോ വയസ്സിൽ ആദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ മറ്റൊരു പ്രതീതിയാണ് മനസില്‍ രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് പിന്നെ തന്നെ അവർ വിലക്കിയതെന്നുമുള്ള ചോദ്യമാണ് മനസ്സിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്ത് ഒരു പള്ളിയിൽ പ്രവേശിക്കുകയും പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ചിത്രം കാണുകയും ചെയ്തു. ഒരു യഹൂദനെന്ന നിലക്ക് കത്തോലിക്കാ ദൈവാലയത്തിൽ പ്രവേശിക്കാൻ അവരുടെ മതം അംഗീകരിച്ചിരുന്നില്ല. മാതാവിന്റെ ചെറിയ രൂപം കണ്ട മാത്രയിൽ അദ്ദേഹം പരിഭ്രാന്തനായി. ദൈവാലയത്തിൽ കയറിയതിനാലും മാതാവിന്റെ കണ്ടതിനാലും വീട്ടുകാർ കണ്ടുപിടിക്കുമോ എന്ന ഭയത്താൽ അദ്ദേഹം കരയാനും ഒളിക്കാനും നോക്കി കുട്ടിക്കാലം മുഴുവൻ അദ്ദേഹമത് രഹസ്യമാക്കി വച്ചിരുന്നു.

നവംബർ 16- ന് ഫ്രാൻസിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള കഥപറയുന്ന സിനിമയെ കുറിച്ചു വലിയ പ്രതീക്ഷയിലാണ് താരം. തന്റെ ചിത്രത്തെ സാക്ഷ്യമെന്നും, സ്നേഹത്തിന്റെ കഥയെന്നുമാണ് എൽമലേ വിശേഷിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തോടും പള്ളികളോടുമുള്ള വിലക്ക് അനുഭവിച്ചാണ് ചെറുപ്പം മുതൽ അദ്ദേഹം വളർന്നത്. എന്നാൽ ക്രമേണ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തു.

കൊക്കോ, പ്രസ്, ലാഡർ മിഡ്റ്റ് ഇൻ പാരീസ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചർ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിലെ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. മൊറോക്കോയിലെ കരോളിൻ രാജകുമാരിയുടെ മകൾ ഷാർലോട്ടാണ് എൽമലേയുടെ ജീവിത പങ്കാളി. ഇവർക്ക് റാഫേൽ എന്ന് പേരുള്ള ഒരു മകനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.