സിഡ്നി തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ 800 പേര്‍ക്ക് കോവിഡ് ബാധ; അതീവ ജാഗ്രത

സിഡ്നി തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ 800 പേര്‍ക്ക് കോവിഡ് ബാധ; അതീവ ജാഗ്രത

സിഡ്നി: കോവിഡ് പോസിറ്റീവായ 800 യാത്രക്കാരുമായി ആഡംബര കപ്പല്‍ ഓസ്‌ട്രേലിയയിലെ സിഡ്നി തീരത്ത് നങ്കൂരമിട്ടു. കാര്‍ണിവല്‍ ഓസ്ട്രേലിയ കമ്പനിയുടെ മജസ്റ്റിക് പ്രിന്‍സസ് എന്ന ആഡംബര നൗകയാണ് രോഗം വഹിക്കുന്ന കപ്പലായി മാറിയത്. ഇതേതുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വിഭാഗം ഏറ്റവും ഉയര്‍ന്ന കോവിഡ് അലേര്‍ട്ടായ ടയര്‍ 3 മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ജനസാന്ദ്രതയേറിയ സിഡ്‌നി നഗരം അതീവ ജാഗ്രതയിലാണ്.

സ്ഥിതി ഗുരുതരമാണെന്നും രോഗം അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ആരോഗ്യ അധികൃതര്‍ അറിയിച്ചു. റൂബി പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ 2020-ലുണ്ടായ അണുബാധയുമായാണ് അധികൃതര്‍ ഇതിനെ താരതമ്യപ്പടുത്തുന്നത്. അന്നത്തെ അണുബാധ 914 പേരിലേക്ക് പടരുകയും 28 മരണങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.

റൂബി പ്രിന്‍സസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധികാരികള്‍ ദൈനംദിന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മജസ്റ്റിക് പ്രിന്‍സസില്‍ നിന്ന് യാത്രക്കാരെ എങ്ങനെ തീരത്തിറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് നേതൃത്വം നല്‍കുമെന്നും ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പറഞ്ഞു. എല്ലാ യാത്രക്കാര്‍ക്കും ഇറങ്ങുന്നതിന് മുമ്പ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും.


മജസ്റ്റിക് പ്രിന്‍സസ് കപ്പല്‍

കപ്പലില്‍ ആകെ 3,000-ത്തിലധികം യാത്രക്കാരും 1,000 ജോലിക്കാരുമുണ്ട്. കപ്പലില്‍ യാത്ര ചെയ്തവരില്‍ 20 ശതമാനം പേര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയ യാത്രക്കാരെ കപ്പലില്‍ നിന്ന് ഇറക്കുന്നുണ്ട്.

രോഗം കപ്പലിലെ യാത്രക്കാരനില്‍നിന്ന് പകര്‍ന്നതാകാമെന്നാണ് അനുമാനം. ഒമിക്രോണ്‍ വൈറസാണ് കണ്ടെത്തിയത്. കപ്പലിന്റെ ഓപ്പറേറ്റര്‍മാരുമായി ആരോഗ്യ അധികൃതര്‍ നിരന്തരം ആശയവിനിമയം നടത്തുകയാണ്.

കോവിഡ് പോസിറ്റീവായ യാത്രക്കാരെ കപ്പലില്‍ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കുന്നുണ്ടെന്നും കാര്‍ണിവല്‍ ഓസ്ട്രേലിയ കമ്പനി പറഞ്ഞു.

'ടയര്‍ - 3' സാഹചര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിതര്‍ക്ക് രാജ്യത്ത് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വീടുകളില്‍ തന്നെ തുടരാനാണ് അധികൃതരുടെ നിര്‍ദേശം.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം നിരീക്ഷിക്കാന്‍ ക്രൂയിസ് കപ്പല്‍ ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലു മണി വരെയുള്ള ഏഴ് ദിവസത്തിനുള്ളില്‍ 19,800 കേസുകളാണ് സ്ഥിരീകരിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.