ഷാർജ: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആരുടേയും വോട്ട് വേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇലക്ഷന്‍ സമയത്ത് എല്ലാവരേയും സന്ദർശിക്കാറുണ്ട്. ഒരു മതവിഭാഗത്തേയും തളളിപ്പറഞ്ഞിട്ടുമില്ല. എന്നാല്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം കിടക്കുന്ന നിലപാട് എടുക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. വർഗീയ വാദം പ്രചരിപ്പിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് മാത്രമാണ് പറഞ്ഞിട്ടുളളത്. തന്‍റെ ബോധ്യത്തില്‍ നിന്നാണ് നിലപാടുകളുണ്ടാകുന്നതെന്നും വിഡി സതീശന്‍ ഷാർജയില്‍ പറഞ്ഞു.
ഗവർണർ- സർക്കാർ വിഷയത്തില്‍ വിഷയാധിഷ്ടിത നിലപാടാണ് സ്വീകരിച്ചിട്ടുളളത്. ഗവർണറും സർക്കാരും ഒരുമിച്ചാണ്. ഗവർണർക്ക് കുടപിടിച്ചത് സർക്കാരാണ്. ഇപ്പോള്‍ നടക്കുന്ന ഈ തർക്കത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വം ഉണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സംഘിവല്‍ക്കരണം പോലെ തന്നെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണവും എതിർക്കപ്പെടേണ്ടതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
മേയറിന്‍റെ കത്ത് വിഷയത്തിലും സതീശന്‍ നിലപാട് വ്യക്തമാക്കി. വ്യാജക്കത്താണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടില്‍ തൃപ്തിയില്ല. ഇനി വ്യാജകത്താണെങ്കില്‍ അത് ആരാണ് തയ്യാറാക്കിയതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് അനുകൂല പ്രസ്താവനയില്‍ കെ സുധാകരന്‍ തന്നെ വിശദീകരണം നല്‍കിയിട്ടുളളതാണ്. സിപിഎം അതില്‍ കെ സുധാകരനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
ശബരിമല നിലപാടില്‍ സിപിഎം വെളളം ചേർത്തു. നേരത്തെ പറഞ്ഞ കാര്യമല്ല ഇപ്പോള്‍ ജി സുധാകരന്‍ പറയുന്നത്. സിപിഎമ്മിന്‍റെ നവോത്ഥാനം ഇപ്പോള്‍ മനസിലായില്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു. കോവിഡിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളുടെ തിരിച്ചുപോക്ക് സർക്കാർ ഗൗരവത്തില്‍ എടുക്കണം. ലോക കേരള സഭ നിഷ്ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.