ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണിന്ന്. 1889 നവംബര്‍ 14 നാണ് അദ്ദേഹത്തിന്റെ ജനനം. ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്നു, കുട്ടികള്‍ അദ്ദേഹയും. ചാച്ചാ നെഹ്‌റു എന്നാണ് കുട്ടികള്‍ സ്‌നേഹത്തോടെ നെഹ്‌റുവിനെ വിളിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി എല്ലാ വര്‍ഷവും നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കുന്നു.
ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് ചാച്ചാ നെഹ്‌റു പറയാറുണ്ടായിരുന്നു. നമ്മള്‍ എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്രനിര്‍മ്മാണം അത്രയും മികച്ചതാകുമെന്നാണ് നെഹ്റു പറഞ്ഞിരുന്നത്.
കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 ല്‍ നെഹ്‌റു, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1964-ന് മുമ്പ് നവംബര്‍ 20-നാണ് ഇന്ത്യ ശിശുദിനം ആഘോഷിച്ചിരുന്നത്. സാര്‍വത്രിക ശിശുദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നതും ഈ ദിവസമാണ്. 1964-ല്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശിശുദിനത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഗീത- നൃത്ത-പ്രസംഗ-ക്വിസ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ചൂഷണം തടയുക, അതുവഴി കുട്ടികള്‍ക്ക് ശരിയായ വികസനം സാധ്യമാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
കുട്ടികളുടെ അവകാശങ്ങള്‍ എന്താണെന്ന് നോക്കാം
ഓരോ കുട്ടിക്കും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്. മക്കളെ വളര്‍ത്തുന്നതിന്റെ ആദ്യ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്.
അതുപോലെ ഒരോ കുട്ടികളുടെയും മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാനത്തിനാണ്. വിവേചനരഹിതമായ എല്ലാ അവകാശങ്ങളും കുട്ടിക്ക് ബാധകമായിരിക്കും. ഏത് തരത്തിലുള്ള വിവേചനത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നത് എല്ലാ സംസ്ഥാനങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്. അവരുടെ അവകാശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുക എന്നത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
മതാപിതാക്കളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം അവരെ പിന്തുണയ്ക്കും. ഏറ്റവും ഉയര്‍ന്ന ആരോഗ്യ-ചികിത്സാ സൗകര്യങ്ങള്‍ക്ക് കുട്ടിക്ക് അവകാശമുണ്ട്. ഓരോ കുട്ടിക്കും മാന്യമായ ജീവിത നിലവാരത്തിന് അവകാശമുണ്ട്. കൂടാതെ വൈകല്യമുള്ള കുട്ടിക്ക് പ്രത്യേക പരിചരണത്തിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അവകാശമുണ്ട്. അതുപോലെ മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് സംരക്ഷിക്കപ്പെടാന്‍ കുട്ടിക്ക് അവകാശമുണ്ട്. ഈ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ കുട്ടിയെ സംരക്ഷിക്കണം.
കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. വിനോദം, കായികം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് അവകാശമുണ്ട്. അത്തരമൊരു അന്തരീക്ഷം കുട്ടിക്ക് ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എല്ലാവിധ പീഡനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. സമൂഹത്തിലെ അനാഥരായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണം.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, വികസനം എന്നിവയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടികള്‍ സംരക്ഷിക്കപ്പെടണം. കുട്ടിയെ വില്‍ക്കുകയോ തട്ടിക്കൊണ്ടു പോകുകയോ ജോലിക്ക് നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. ഇതില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും വേശ്യാവൃത്തിയില്‍ നിന്നും കുട്ടിയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കൂടാതെ ബാലതടവുകാരോട് ക്രൂരതയോടും പരുഷതയോടും പെരുമാറരുത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.