പാരീസ്: സ്റ്റീവൻ സ്പിൽബർഗിന് ദ ടെർമിനൽ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്‌റാൻ കരിമി നാസേരി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചാണ് മരണം. സ്വാഭാവിക കാരണങ്ങളാലാണ് അന്ത്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറാനിയൻ അഭയാർത്ഥിയായ നാസേരി 1988-ൽ ബെൽജിയം-ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ റെസിഡൻസി പേപ്പറുകൾ നഷ്ടപ്പെട്ട് വിമാനത്തിൽ കയറാനോ വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാനോ കഴിയാതെ 2006 വരെ പാരീസ് വിമാനത്താവളത്തിൽ കുടുങ്ങി. കുറച്ച് നാൾ ഒരു നഴ്‌സിംഗ് ഹോമിൽ താമസിച്ചതിന് ശേഷം സെപ്റ്റംബർ പകുതി മുതൽ വിമാനത്താവളത്തിന്റെ പൊതുസ്ഥലത്ത് ഭവനരഹിതനായി താമസിക്കാൻ അദ്ദേഹം മടങ്ങിയെത്തി.
പിന്നീട് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലായി നാസേരിയുടെ ജീവിതം. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ ഉറങ്ങും. വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം തള്ളിനീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ ആരോ നൽകി. വിമാനത്താവളത്തിലെത്തുന്നവർക്ക് ചെറിയ പ്രമുഖനുമായി മാറി ഇദ്ദേഹം.
നാസേരി വിമാനത്താവളത്തിലെ ഒരു ഐക്കണിക് കഥാപാത്രം ആണെന്നും എയർപോർട്ട് ജീവനക്കാർ മുഴുവനും അവനോട് ചേർന്നിരുന്നുവെന്നും പാരീസ് വിമാനത്തവാളത്തിലെ വക്താവ് വ്യക്തമാക്കി. വിമാനത്തവാളത്തിലെ പ്രധാന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യഥാർത്ഥ അഭയം ലഭിക്കാനായി വർഷങ്ങളോളം പരമാവധി ശ്രമിച്ചിരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
1999-ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചു. എന്നാൽ നാസേരി തന്റെ യഥാർത്ഥ ലക്ഷ്യസ്ഥാനമായ ഇംഗ്ലണ്ടിലേക്ക് പോകാൻ ആഗ്രഹിച്ചതിനാൽ ഈ ഓഫർ നിരസിക്കുകയായിരുന്നു. തുടർന്ന് 2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിച്ചു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസേരി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രവിശ്യയിൽ 1945-ലാണ് നാസേരിയുടെ ജനനം. പിതാവ് ഇറാൻ സ്വദേശിയും മാതാവ് ബ്രീട്ടീഷുകാരിയുമായിരുന്നു.
ഇദ്ദേഹത്തിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് 2004-ൽ 'ദ ടെർമിനൽ' എന്ന സിനിമ സ്പിൽബെർഗ് എടുത്തത്. അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ താമസിക്കുന്ന ഒരു സാങ്കല്‍പ്പിക കിഴക്കൻ യൂറോപ്യൻ രാജ്യത്തെ പൗരനായി നാസേരിക്ക് സമാനമായ വേഷം ചെയ്തത് വിഖ്യാത നടന്‍ ടോം ഹാങ്ക്സ് ആണ്.
ഇതുകൂടാതെ, ജീൻ റോഷെഫോർട്ട് അഭിനയിച്ച 1993-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമായ 'ടോംബ്സ് ഡു സീൽ' നിരവധി ഡോക്യുമെന്ററികൾക്കും, മാഗസിന്‍ പത്ര ഫീച്ചറുകള്‍ക്കും നാസേരിയുടെ വിമാനത്താവള ജീവിതം വിഷയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥ 'ദി ടെർമിനൽ മാൻ' എന്ന പേരിൽ 2004 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.