സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തോട് 6835 കോടിയുടെ സഹായം തേടി കേരളം; വായ്പാ പരിധി കൂട്ടണമെന്നും ആവശ്യം

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തോട് 6835 കോടിയുടെ സഹായം തേടി കേരളം; വായ്പാ പരിധി കൂട്ടണമെന്നും ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഡല്‍ഹിയിലെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച ധനമന്ത്രി വായ്പാ പരിധി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനുള്ള അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രം മാറ്റം വരുത്തിയതോടെ സംസ്ഥാനത്തിന് കൂടുതല്‍ കടമെടുക്കാനുള്ള സാഹചര്യമില്ലാതാവുകയായിരുന്നു. ഇതോടെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണം പോലും അവതാളത്തിലായി.

സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ ആഭ്യന്തരകടമെടുപ്പിന് പോലും പ്രതിസന്ധിയുണ്ട്. വായ്പാ അനുമതി ഡിസംബര്‍ വരെ 17936 കോടിയായി ചുരുക്കിയിട്ടുണ്ട്. ഇതില്‍ 13936 കോടിയും എടുത്തു കഴിഞ്ഞു. ശേഷിക്കുന്ന 4000കോടി അടുത്ത മാസത്തെ ശമ്പള, പെന്‍ഷന്‍ വിതരണത്തിന് പോലും തികയില്ല.

കിഫ്ബി, സാമൂഹ്യസുരക്ഷാ വിതരണ കമ്പനി എന്നിവയെടുക്കുന്ന വായ്പകള്‍ നേരിട്ട് സര്‍ക്കാര്‍ എടുക്കുന്ന വായ്പകളല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തരുതെന്നും മറ്റ് കടബാദ്ധ്യത 7813.06 കോടിയായി കുറഞ്ഞത് കണക്കിലെടുത്ത് വായ്പാ അനുമതി പരിധി കൂട്ടണമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണം. കൂടാതെ ഊര്‍ജ്ജ മേഖലയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ 4060 കോടി രൂപ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കൂടാതെ സര്‍വ്വകലാശാലകളില്‍ ശമ്പള വര്‍ധന നടപ്പാക്കിയപ്പോള്‍ കുടിശിക നല്‍കിയ വകയില്‍ സംസ്ഥാനം ചെലവിട്ട 750.93 കോടിയും നഗര വികസനത്തിനുള്ള സഹായമായ 613 കോടിയും കേന്ദ്രത്തിന്റെ യുണൈറ്റഡ് ഗ്രാന്‍ഡായ 139.20 കോടിയും ആരോഗ്യ സഹായമായ 559 കോടിയും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 1548 കോടിയും മൂലധന വികസന സഹായമായ 3224.61 കോടിയും ചേര്‍ത്ത് 6835 കോടിരൂപ ഉടനടി അനുവദിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.