'റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം': രണ്ടാം ലോക മഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ച് ജി 20 യില്‍ മോഡി

'റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം': രണ്ടാം ലോക മഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ച് ജി 20 യില്‍ മോഡി

ഡിസംബറില്‍ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

ബാലി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെടി നിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങാന്‍ ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചയിലൂടെ വഴി കണ്ടെത്തണം. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോഡി.

രണ്ടാം ലോക മഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ചാണ് മോഡിയുടെ വാക്കുകള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോക മഹായുദ്ധം വിതച്ച നാശം വിവരാണാതീതമാണ്. അതിനുശേഷം സമാധാനത്തിന്റെ പാത കണ്ടെത്താന്‍ അന്നത്തെ നേതാക്കള്‍ അക്ഷീണം പരിശ്രമിച്ചു. കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ നമുക്കുണ്ട്. ലോകത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മോഡി പറഞ്ഞു.

ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭൂമിയാണ് ഇന്ത്യ. അടുത്ത വര്‍ഷം ഇന്ത്യയില്‍ ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ കാലത്തും ഇന്ത്യ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. കൂടാതെ ആവശ്യമുള്ള പല രാജ്യങ്ങള്‍ക്കും ഭക്ഷ്യവിതരണം നടത്തുകയും ചെയ്തു.

എന്നാല്‍ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴുള്ള രാസവള ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാസവള ക്ഷാമം ലോകം നാളെ നേരിടുന്ന വലിയ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകും. വളത്തിന്റെയും ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണ ശൃംഖല നിലനിര്‍ത്തുന്നതിന് എല്ലാ ജി 20 രാജ്യങ്ങളും പരസ്പര ഉടമ്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തിയേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയ ലോക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബറില്‍ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.